അക്രമം നടത്തിയത് സംഘപരിവാര ക്രിമിനലുകള്‍

കോട്ടയം: ശബരിമലയില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടത് സംഘപരിവാ—രത്തിന്റെ പരിശീലനം കിട്ടിയ, എന്തും ചെയ്യാന്‍ മടിയില്ലാത്ത ക്രിമിനലുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ എല്‍ഡിഎഫ് കോട്ടയത്ത് സംഘടിപ്പിച്ച വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും ബോധപൂര്‍വം ശബരിമലയിലേക്ക് ക്രിമിനലുകളെ കൊണ്ടുവന്നു. ശബരിമലയുടെ ചരിത്രത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് ഉണ്ടായത്. ശബരിമലയെ കലാപഭൂമിയാക്കി മാറ്റുകയെന്ന ലക്ഷ്യമായിരുന്നു ആര്‍എസ്എസിനുണ്ടായിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിരഞ്ഞെടുപ്പിനു മുമ്പ് സംഘപരിവാരം വര്‍ഗീയസംഘര്‍ഷങ്ങളും കലാപങ്ങളും അഴിച്ചുവിടാറുണ്ട്. വര്‍ഗീയ ചേരിതിരിവിലൂടെ നേട്ടമുണ്ടാക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. കേരളത്തിലും അത്തരത്തിലൊരു ശ്രമമാണ് ആര്‍എസ്എസ് പദ്ധതിയിട്ടത്. പ്രത്യേക സംഘത്തെ ശബരിമലയില്‍ ഒരുക്കിവച്ചിരുന്നതായി ഒരു സമരനേതാവ് പരസ്യമായി പറഞ്ഞത് ഇതിനു തെളിവാണ്. ഇതു ശബരിമലയെ സംരക്ഷിക്കാനല്ല, തകര്‍ക്കാനുള്ള നീക്കമാണ്.
സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരേയാണ് സംഘപരിവാരത്തിന്റെ സമരം. ഭരണഘടനയുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതിനാല്‍ നിലവിലെ ചട്ടം റദ്ദാക്കുന്നുവെന്നാണ് സുപ്രിംകോടതി പറഞ്ഞത്. അതിനെതിരേ സര്‍ക്കാര്‍ നിയമമുണ്ടാക്കിയാല്‍ സുപ്രിംകോടതിയില്‍ നിലനില്‍ക്കില്ല. എന്നാല്‍, ബിജെപിക്ക് ഭരണഘടനയോ മൗലികാവകാശമോ അല്ല പ്രധാനം, വിശ്വാസമാണ്. അങ്ങനെ തെറ്റിദ്ധാരണയുണ്ടാക്കി കുറച്ചു പേരെ ഒപ്പം നിര്‍ത്തി സാമൂഹികപരിഷ്‌കരണം തടസ്സപ്പെടുത്താനാണ് അവരുടെ നീക്കം. അത് കേരളം പോലുള്ള മതനിരപേക്ഷ സംസ്ഥാനത്ത് നടക്കില്ലെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. ശബരിമലയുടെ പേരില്‍ ബിജെപിയും ആര്‍എസ്എസും നടത്തുന്ന സമരങ്ങള്‍ യഥാര്‍ഥത്തില്‍ സര്‍ക്കാരിനെതിരേയാണെന്നു കരുതുന്നില്ല. വിധി നടപ്പാക്കാതിരിക്കാന്‍ മറ്റേതെങ്കിലും സര്‍ക്കാരിന് കഴിയുമായിരുന്നുവെങ്കില്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന് എന്തുകൊണ്ട് കഴിയുന്നില്ലെന്നും പിണറായി ചോദിച്ചു.
ശബരിമലയെ സംരക്ഷിക്കാനും ഉയര്‍ത്താനുമാണ് സര്‍ക്കാര്‍ ശ്രമം. അതിനുവേണ്ടിയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സഹായിക്കും. അതിനിടെ, വിധി നടപ്പാക്കുമെന്ന സര്‍ക്കാര്‍ നിലപാടിനെതിരേ ചിലരുടെ ആഹ്വാനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഒരു പ്രദേശത്ത് കുറച്ച് ആളുകള്‍ കൂടി ചില കോപ്രായങ്ങള്‍ കാട്ടിയാല്‍ അവരാണ് മഹാശക്തിയെന്ന് ധരിക്കരുത്. സന്നിധാനത്ത് അനന്തമായി തങ്ങാന്‍ ആരെയും അനുവദിക്കില്ല. അതിനെതിരേ പ്രഖ്യാപനം നടത്തി സന്നിധാനത്ത് സംഘം ചേരാന്‍ കഴിയുമെന്നു വ്യാമോഹിക്കുന്നവരുണ്ട്. അവരുടെ പിമ്പിരി കണ്ട് സര്‍ക്കാര്‍ ചൂളിപ്പോവില്ല. അത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും പിണറായി മുന്നറിയിപ്പ് നല്‍കി.
ശബരിമല വിഷയത്തില്‍ രാജ്യത്തെ മതനിരപേക്ഷതയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്ന സംഘപരിവാര ശക്തികള്‍ക്കൊപ്പം കോണ്‍ഗ്രസ് സഹകരിക്കുന്നത് ആത്മഹത്യാപരമാണെന്ന് ഓര്‍ക്കണമെന്നും പിണറായി പറഞ്ഞു. മഹാത്മാഗാന്ധിയുടെയും നെഹ്‌റുവിന്റെയും പാരമ്പര്യം അവകാശപ്പെടുന്നവരാണ് കോണ്‍ഗ്രസ്സുകാര്‍. എന്നാല്‍, അവരിപ്പോള്‍ ആര്‍എസ്എസ് നേതാക്കന്‍മാര്‍ പറയുന്നതുപോലെ വാശിയോടെ രംഗത്തെത്തിയിരിക്കുകയാണ്.
ബിജെപിക്ക് ആളെ കൂട്ടിക്കൊടുക്കുന്ന പണിയാണ് കോണ്‍ഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് ബിജെപിയുടെ ഇടത്താവളമാണ്. കോണ്‍ഗ്രസ്സിന്റെ നേതൃനിരയിലെ ചിലര്‍ ഒരു കാല്‍ അപ്പുറത്ത് എടുത്തുവച്ചിരിക്കുകയാണ്. അവര്‍ ആരാണെന്ന് ബിജെപിക്കുമറിയാം.
കോണ്‍ഗ്രസ്സിന് പഠിക്കാനാണെങ്കില്‍ ധാരാളം പാഠങ്ങളുണ്ടായിരുന്നു. വര്‍ഗീയതയെ എതിര്‍ക്കാന്‍ കഴിയാതെ നേതൃനിരയില്‍നിന്നുള്ള ഒരു വിഭാഗമാണ് ബിജെപിയിലേക്ക് പോയത്. ആപത്ത് അഭിമുഖീകരിക്കുകയാണെന്ന് കോ ണ്‍ഗ്രസ് കൃത്യമായി മനസ്സിലാക്കണം. ന്യൂനപക്ഷ താല്‍പര്യം സംരക്ഷിക്കുന്നുവെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുന്ന പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നിലപാട് ആര്‍എസ്എസിനെ സഹായിക്കുന്നതാണ്. അത് തങ്ങള്‍ക്കു നാശംവരുത്തുന്നതാണെന്ന് അവരും മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top