അക്രമം തടയാന്‍ അടിയന്തര നടപടിവേണം : ഗവര്‍ണര്‍തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ പി സദാശിവം ഇടപെടുന്നു. പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു മരിച്ച സംഭവത്തിന് പിന്നാലെയാണ് ഗവര്‍ണറുടെ ഇടപെടല്‍. രാഷ്ട്രീയ കൊലപാതക കേസുകളില്‍ അടിയന്തര നടപടി വേണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അക്രമം തടയണമെന്നുമാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പയ്യന്നൂരിലെ സംഭവത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് രാവിലെ ബിജെപി നേതാക്കള്‍ പരാതി നല്‍കിയിരുന്നു. ഒ രാജഗോപാല്‍ എംഎല്‍എ, വി വി രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണറെ കണ്ടത്.  പരാതി അടിയന്തര നടപടിക്കായി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറി.  കണ്ണൂര്‍ ജില്ലയിലെ അക്രമം നടക്കുന്ന സ്ഥലങ്ങളെ പ്രശ്‌നബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച് ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പ്രിവിലേജസ് ആക്ട് നടപ്പാക്കണമെന്ന ആവശ്യപ്പെട്ടുള്ള നിവേദനവും ബിജെപി സംഘം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.അതേസമയം സംഭവം ദൗര്‍ഭാഗ്യകരമാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പയ്യന്നൂരിലേത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കണമെന്നും സര്‍ക്കാരിന്റെ സമാധാന ശ്രമങ്ങള്‍ക്ക് ഇതൊന്നും തടസ്സമാവില്ല. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top