അകമല തൂമാനം വെള്ളച്ചാട്ടം വിനോദസഞ്ചാരികള്‍ക്ക് ഹരമാവുന്നു

വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയിലെ അകമല തൂമാനം വെള്ളച്ചാട്ടം വിനോദ സഞ്ചാരികള്‍ക്ക് ഹരമാകുന്നു. അകമലയുടെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം അകമല ചേപ്പലക്കോട് വനത്തില്‍ നിന്നാണ് ഒഴുകി എത്തുന്നത്.
മാരാത്ത് കുന്ന് വാഴാനി റോഡില്‍ നിന്നും തിരിഞ്ഞ് രണ്ട് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ അകമല കുഴിയോട് പ്രദേശത്ത് എത്തിച്ചേരും. ഇവിടെയാണ് അധികം ആര്‍ക്കുമറിയാത്ത ഈ മനോഹരമായ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മറ്റു പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി തീരെ അപകട സാദ്ധ്യത കുറഞ്ഞതിനാല്‍ വടക്കാഞ്ചേരിയുടെ സമീപ പ്രദേശത്തെ യുവാക്കള്‍ ഒഴിവു സമയം ചിലവഴിക്കുന്നത് തൂമാനത്താണ്. വടക്കാഞ്ചേരി നഗരസഭ ടൗണ്‍ പ്ലാനിങ്ങിലെ ടൂറിസം കേന്ദ്രമായി തൂമാനം വെള്ളച്ചാട്ടത്തെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി വെള്ളച്ചാട്ടത്തിന് കീഴില്‍ വെള്ളത്തിന് ചുറ്റുമായി ഹാന്റ് റെയിലുകള്‍ സ്ഥാപിക്കും. കൂടാതെ വെള്ളച്ചാട്ടത്തിന് സമീപം സഞ്ചാരികള്‍ക്ക് വിശ്രമിക്കുന്നതിന് സിമന്റ് ബഞ്ചുകള്‍ സ്ഥാപിക്കുന്നതിനും നഗരസഭ ഉദ്ദേശിക്കുന്നുണ്ട്. ചേപ്പലക്കോട് വനത്തിലെ ചോലകള്‍ വൃത്തിയാക്കി തുറന്ന് വിട്ടാല്‍ തൂമാനം വെള്ളച്ചാട്ടത്തിന്റെ മനോഹാരിത കൂടുതല്‍ വര്‍ധിപ്പിക്കാനാകും.

RELATED STORIES

Share it
Top