അകത്തേത്തറ- നടക്കാവ് മേല്‍പ്പാലം: സ്ഥലം ഏറ്റെടുക്കല്‍ വേഗത്തിലാക്കും

പാലക്കാട്: അകത്തേത്തറ-നടക്കാവ് റെയില്‍വെ മേല്‍പ്പാലത്തിനായുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. പി സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന ഉദ്യോഗസ്ഥ- ജനപ്രതിനിധി യോഗം തീരുമാനിച്ചു. നിലവില്‍ സര്‍വേ പൂര്‍ത്തിയാക്കിയ പദ്ധതിക്ക് നിര്‍മാണാനുമതി ലഭിച്ചിട്ടുണ്ട്.
സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് ന്യായ വിലയ്ക്കുള്ള നഷ്ടപരിഹാരവും സര്‍ക്കാരിന്റെ  പാക്കേജ് തുകയും നല്‍കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ചുളള  അനിശ്ചിതത്വം  ജനപ്രതിനിധികള്‍ ഇടപെട്ട് പരിഹരിക്കും. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ടുളള ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി ഏപ്രില്‍ 20 രാവിലെ 10 ന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരും.
മാര്‍ച്ച് 27ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്ച്യുതാനന്ദന്‍ എംഎല്‍എയുടെ അധ്യക്ഷതിയി ല്‍ തിരുവനന്തപുരത്ത് നടന്ന മന്ത്രിതല യോഗത്തില്‍ സ്ഥലം വിട്ടു നല്‍കുന്നവര്‍ക്ക് പരമാവധി ധനസഹായം നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ  ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു.
ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ അകത്തേത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡി സദാശിവന്‍, പി എ ഗോകുല്‍ ദാസ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സുനിത, നഗരസഭ അംഗം മണികണ്ഠന്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍, സ്‌പെഷല്‍ തഹസില്‍ദാര്‍ പി സി രാജേന്ദ്രബാബു, ആര്‍ബിഡിസികെ അസി.എന്‍ജിനിയര്‍ മിഥുന്‍ ജോസഫ് പങ്കെടുത്തു.

RELATED STORIES

Share it
Top