അംബേദ്കറെ പൂര്‍ണമായി തിരിച്ചറിയാനായില്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ ആംബേദ്കര്‍ ദീര്‍ഘവീക്ഷണമുള്ള വ്യക്തിയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അംബേദ്കറുടെ സാമ്പത്തിക ചിന്തയും ദര്‍ശനങ്ങളും ഇതേവരെ പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. അംബേദ്കറുടെ 60ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക നീതിക്കായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ പൂര്‍ണമായും അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും സാമ്പത്തിക രംഗത്തെ സംഭാവനകള്‍ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും അവയും അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ഇന്നത്തെ സാഹചര്യത്തില്‍ അംബേദ്കറുടെ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. അംബേദ്കറെയും ഭരണഘടനയേയും കുറിച്ച് നാം എപ്പോഴും ചര്‍ച്ച ചെയ്യണം. സ്ത്രീശാക്തീകരണം, ഫെഡറല്‍ സംവിധാനത്തിന്റെ സംരക്ഷണം, ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലെല്ലാം അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ അതുല്യമാണെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന ചടങ്ങില്‍ അംബേദ്കറുടെ സ്മരണയ്ക്കായി 125 രൂപയുടെയും 10 രൂപയുടെയും നാണയങ്ങള്‍ പ്രധാനമന്ത്രി പുറത്തിറക്കി. മരണത്തിന് 60 കൊല്ലത്തിനു ശേഷവും ജനങ്ങളുടെ മനസ്സില്‍ ജീവിക്കുന്നവര്‍ അപൂര്‍വമാണെന്ന് മോദി അഭിപ്രായപ്പെട്ടു.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, സാമൂഹിക നീതി മന്ത്രി തവര്‍ ചന്ദ് ഗെഹ്‌ലോട്ട് ചടങ്ങില്‍ പങ്കെടുത്തു. ഇന്നലെ രാവിലെ പാര്‍ലമെന്റ് വളപ്പിലുള്ള അംബേദ്കറുടെ പ്രതിമയില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി.

RELATED STORIES

Share it
Top