അംബേദ്കറുടെ പേരില്‍ മാറ്റം വരുത്തി ആദിത്യനാഥ് സര്‍ക്കാര്‍

ലക്‌നോ: ഭരണഘടനാ ശില്‍പി ബാബാ സാഹേബ് അംബേദ്കറുടെ പേര് ഭീം റാവു റാംജി അംബേദ്കര്‍ എന്നാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ബുധനാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവുണ്ടായിരിക്കുന്നത്. ഭരണഘടനയുടെ ആമുഖത്തില്‍ അംബേദ്കര്‍ ഒപ്പുവച്ചിരിക്കുന്നത് ഡോ. ഭീം റാവു റാംജി അംബേദ്കര്‍ എന്ന പേരിലാണ്. ഇക്കാരണത്താലാണ് പേരുമാറ്റമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അലഹബാദ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള്‍ക്കും കൈമാറിയിട്ടുണ്ട്.അംബേദ്കറുടെ പേര് ഔദ്യോഗികമായി മാറ്റണമെന്ന് ചൂണ്ടിക്കാട്ടി 2017 ഡിസംബറില്‍ ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ രാം നായിക് പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് കത്തെഴുതിയിരുന്നു. റാംജി എന്നത് അംബേദ്കറുടെ അച്ഛന്റെ പേരാണ്. മഹാരാഷ്ട്രയിലെ രീതിയനുസരിച്ച് അച്ഛന്റെ പേരുകൂടി ചേര്‍ത്താണ് ആണ്‍മക്കള്‍ക്ക് പേരിടുക. മാത്രമല്ല, അംബേദ്കറുടെ ഉച്ചാരണം ഹിന്ദിയില്‍ ശരിയായ രീതിയിലല്ലെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പേരുമാറ്റമെന്നാണ് റിപ്പോര്‍ട്ട്.

RELATED STORIES

Share it
Top