അംബേദ്കര്‍ പ്രതിമ നിറംമാറ്റല്‍ തുടരുന്നു; കാവി മാറ്റി നീലയാക്കി

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബദയൂണില്‍ സ്ഥാപിച്ച കാവിനിറം പൂശിയ അംബേദ്കര്‍ പ്രതിമയ്ക്ക് വീണ്ടും നിറംമാറ്റം. ബദയൂണ്‍ ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം സ്ഥാപിച്ച പ്രതിമ കാവിനിറത്തിന്റെ പേരില്‍ വിവാദമായതിനു പിന്നാലെയാണ് നീലനിറം പൂശിയത്. അംബേദ്കര്‍ പ്രതിമയ്ക്ക് കാവിനിറം പൂശിയതിനെതിരേ പ്രതിഷേധവുമായി സ്ഥലത്തെത്തിയ ബഹുജന്‍ സമാജ് പാര്‍ട്ടി പ്രവര്‍ത്തകരാണ് പ്രതിമയ്ക്ക് നീലനിറം പൂശിയത്. കാവിനിറത്തിലുള്ള അംബേദ്കര്‍ പ്രതിമയെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിലും മറ്റും പ്രചരിച്ചതിനെ തുടര്‍ന്നാണ് ബിഎസ്പി പ്രവര്‍ത്തകരുടെ നടപടി.
ദുഗ്രൈയ്യ ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന അംബേദ്കര്‍ പ്രതിമ വെള്ളിയാഴ്ച രാത്രി ചിലര്‍ തല്ലിത്തകര്‍ത്തതിനെ തുടര്‍ന്നാണ് പുതിയ പ്രതിമ സ്ഥാപിച്ചത്. പ്രതിമ തകര്‍ത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ സമരം നടത്തിയിരുന്നു. പുതിയതായി സ്ഥാപിച്ച പ്രതിമ ഞായറാഴ്ച അനാച്ഛാദനം ചെയ്തപ്പോഴാണ് അംബേദ്കറുടെ കോട്ടിന് കാവി നിറമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. സാധാരണ നീല നിറമാണ് അംബേദ്കര്‍ പ്രതിമകളില്‍ ഉപയോഗിക്കാറുള്ളത് എന്നിരിക്കെയാണ് കാവിനിറത്തിലുള്ള പ്രതിമ പ്രതിഷേധത്തിന് ഇടയാക്കിയത്.
ബിജെപി നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സര്‍വതും കാവിവല്‍ക്കരിക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി എംഎല്‍എയും പാര്‍ട്ടി വക്താവുമായ സുനില്‍സിങ് ആരോപിച്ചിരുന്നു. മുമ്പ് മുഖ്യമന്ത്രിയുടെ ഓഫിസ്, ഹജ്ജ്ഹൗസ് അടക്കമുള്ള കെട്ടിടങ്ങള്‍, മതിലുകള്‍, പാര്‍ക്കുകള്‍, ബസ്സുകള്‍ തുടങ്ങി സ്‌കൂള്‍ ബാഗുകള്‍ക്കു വരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കാവി പൂശിയത് വലിയ വിവാദമായിരുന്നു.

RELATED STORIES

Share it
Top