അംഗപരിമിതര്‍ക്കും ഹജ്ജിന് അപേക്ഷിക്കാം

ന്യൂഡല്‍ഹി: അംഗപരിമിതര്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനത്തിന് അപേക്ഷിക്കാന്‍ ഉണ്ടായിരുന്ന വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കി. കേന്ദ്ര ഹജ്ജ് മന്ത്രാലയം പുറത്തിറക്കിയ പുതിയ ഹജ്ജ് മാര്‍ഗനിര്‍ദേശത്തില്‍ ശാരീരികവും മാനസികവുമായ പരിമിതികളുള്ളവര്‍ക്ക് ഹജ്ജിന് അപേക്ഷിക്കാന്‍ യോഗ്യതയുണ്ടായിരിക്കില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്. വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരുടെ ദേശീയവേദിയായ എന്‍പിആര്‍ഡി കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയെ നേരില്‍ കണ്ടു നിവേദനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തീരുമാനം. ശാരീരിക-മാനസിക പ്രശ്‌നങ്ങളുള്ള വ്യക്തികള്‍ക്ക് ഹജ്ജിന് അപേക്ഷിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള മാര്‍ഗനിര്‍ദേശം കഴിഞ്ഞ 60 വര്‍ഷമായി തുടരുന്നതാണെന്നും ഇത് സൗദി അറേബ്യ വച്ച ചില നിയന്ത്രണങ്ങള്‍ കാരണമാണെന്നും മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. എന്നാല്‍, ഈ വര്‍ഷം മുതല്‍ അവസരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2018-22 വര്‍ഷത്തേക്കുള്ള ഹജ്ജ് മാര്‍ഗനിര്‍ദേശത്തില്‍ ഈ മാറ്റം വരുത്താന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  കാലുകള്‍ മുറിക്കപ്പെട്ടവര്‍, മുടന്തുള്ളവര്‍, പോളിയോ ബാധിച്ചു കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്കു ഹജ്ജിനു യോഗ്യതയുണ്ടാവില്ലെന്ന മാര്‍ഗനിര്‍ദേശം ഒഴിവാക്കണമെന്നാണ് എന്‍പിആര്‍ഡി നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നത്.  അംഗപരിമിതര്‍ ഹജ്ജിനെത്തുന്നതിന് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സംഘടന ചൂണ്ടിക്കാട്ടിയിരുന്നു.

RELATED STORIES

Share it
Top