അംഗപരിമിതയായ വിദ്യാര്‍ഥിനിയുടെ തീക്ഷ്ണാനുഭവങ്ങള്‍ പങ്കുവച്ച്് വൈറ്റ് ബ്രിഡ്ജ്

എന്‍ എ ശിഹാബ്

തിരുവനന്തപുരം: ഗ്രാമീണ പശ്ചാത്തലത്തില്‍ സ്ഥിതിചെയ്യുന്ന പാലത്തില്‍ അംഗപരിമിത യായ പെണ്‍കുട്ടി സ്‌കൂള്‍ വേളകള്‍ ചെലവഴിക്കുന്ന കഥപറയുന്നു വൈറ്റ് ബ്രിഡ്ജ് എന്ന ഇറാനിയന്‍ സിനിമ. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന അംഗപരിമിതയായ  ഏഴു വയസ്സുകാരി ബഹാരയുടെ തീക്ഷ്ണാനുഭവങ്ങള്‍ തന്‍മയത്വത്തോടെ വരച്ചുകാട്ടുകയാണ് സംവിധായകന്‍ അലി ഗാവിത്താന്‍. മറ്റു വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്ന് ഒറ്റപ്പെട്ടുപോവുന്ന ബഹാരയെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ സ്‌കൂളില്‍ നിന്നും പുറത്താക്കുന്നു. സ്‌കൂളിന് പുറത്ത് സ്വന്തമായി ബാലപാഠങ്ങള്‍ നുകരുന്ന പെണ്‍കുട്ടിയുടെ കഥ അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ ഏറെ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി. ബഹാരെയുടെ സ്‌കൂള്‍ പ്രവേശനത്തിനായി വിധവയായ മാതാവ് നടത്തുന്ന ശ്രമങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. പ്രദേശത്തെ പ്രഫസര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനായി ശ്രമിക്കുന്നുണ്ട്. നാളുകളായി വരണ്ടുണങ്ങിക്കിടക്കുന്ന പാലത്തിനടിയിലൂടെ വെള്ളം ഒഴുകിയാലേ പ്രവേശനം നല്‍കൂവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പരിഹസിക്കുന്നു. ഇത് ഗൗരവമായി കണ്ട കുഞ്ഞുബഹാര പിന്നീടുള്ള സ്‌കൂള്‍ വേളകള്‍ പാലത്തിലിരുന്ന് വെള്ളം വരുന്നുണ്ടോയെന്ന് നോക്കിനില്‍ക്കുന്നത് കാഴ്ചക്കാരില്‍ കൗതുകം തീര്‍ക്കുന്നു. ഒരുദിവസം പാലത്തിനടിയിലൂടെ വെള്ളം ഒഴുകുന്നതുകണ്ട് സന്തോഷത്തോടെ തുള്ളിച്ചാടുന്ന ബഹാര സ്‌കൂളില്‍ ഓടിയെത്തുന്നു. എന്നാല്‍ പ്രിന്‍സിപ്പല്‍ ഇത് സമ്മതിക്കുന്നില്ല. പ്രിന്‍സിപ്പല്‍ പിന്നീട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കാറ് തടഞ്ഞുനിര്‍ത്തി ബഹാര തോട്ടിലെ വെള്ളം കാണിച്ചുകൊടുക്കുന്നത് സദസ്സില്‍ ചിരി പടര്‍ത്തി. വാക്കു പാലിക്കാന്‍ കഴിയാതെ ബഹാരയ്ക്ക് മുമ്പില്‍ നിസ്സഹായാവസ്ഥയിലാവുന്ന പ്രിന്‍സിപ്പല്‍ സിനിമയില്‍ പരിഹാസ്യ കഥാപാത്രമാവുന്നു. സ്‌കൂള്‍ പ്രവേശനം അകലെയായതോടെ പാലത്തിലൂടെ ഓടിനടന്ന് ബാലപാഠങ്ങള്‍ ഓരോന്നും ഉരുവിട്ട് പഠിക്കുന്ന ബഹാര കാഴ്ചക്കാരില്‍ ആവേശം നിറയ്ക്കുന്നു. കൂട്ടുകാരന്റെ വാദ്യോപകരണത്തില്‍ ഉള്‍പ്പെടെ തനിക്ക് ചുറ്റുമുള്ള കാര്യങ്ങളില്‍ കൗതുകവും താല്‍പര്യവുമുള്ള സന്തോഷവതിയായ ബഹാരയെയാണ് സിനിമയ്‌ക്കൊടുവില്‍ കാണുന്നത്. ഒറ്റപ്പെട്ടുപോയ അംഗപരിമിതയായ വിദ്യാര്‍ഥിനിയുടെ വേദനയ്ക്ക് പരിഹാരം പറയാതെ പറഞ്ഞാണ് സിനിമ വിടവാങ്ങുന്നത്. സ്‌കൂ ള്‍ വിദ്യാഭ്യാസം, അംഗപരിമി തയായ വിദ്യാര്‍ഥിനിയുടെ ഒറ്റപ്പെടല്‍, വിധവയായ മാതാവിന്റെ ജീവിതപ്രയാസങ്ങള്‍ തുടങ്ങിയവയോടുള്ള അധികാരികളുടെയും പൊതുസമൂഹത്തിന്റെയും കാഴ്ചപ്പാടില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് സിനിമ മുന്നോട്ടുവയ്ക്കുന്നു. മലകളും താഴ്‌വരകളും നിറഞ്ഞ പ്രകൃതി സൗന്ദര്യത്താല്‍ സമ്പന്നമായ വൈറ്റ് ബ്രിഡ്ജ് കലാമൂല്യത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവയ്ക്കുമെന്നാണ് പ്രേക്ഷകലോകം വിലയിരുത്തുന്നത്.

RELATED STORIES

Share it
Top