അംഗങ്ങളെ അയോഗ്യരാക്കിയ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

ശാസ്താംകോട്ട: കുന്നത്തൂര്‍ പഞ്ചായത്തിലെ രണ്ട് സിപിഐ അംഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി സിംഗിള്‍ബഞ്ച് സ്‌റ്റേ ചെയ്തു.കുന്നത്തൂര്‍  പഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെംബര്‍ പി എസ് രാജശേഖരപിള്ള, പത്താം വാര്‍ഡ് മെംബറും വൈസ് പ്രസിഡന്റുമായിരുന്ന സതി ഉദയകുമാര്‍ എന്നിവരെ അയോഗ്യരാക്കിയ നടപടിക്കാണ് സ്‌റ്റേ. ഇക്കഴിഞ്ഞ മൂന്നിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരുവരെയും അയോഗ്യരാക്കിയത്. സിപിഎം അംഗമായ ബീനാ സജീവ്  നല്‍കിയ പരാതിയെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യത കല്‍പ്പിച്ചത്.പി എസ് രാജശേഖരന്‍പിള്ള സിപിഐ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായും സതി ഉദയകുമാര്‍ സിപിഐ സ്ഥാനാര്‍ഥിയായും മല്‍സരിച്ചാണ് 2015ല്‍ തിരഞ്ഞെടുക്കപ്പെട്ടത്. 2016 ആഗസ്ത് പത്തിന് നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ഇരുവരും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന് എതിര്‍സ്ഥാനാര്‍ഥിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിനെതിരേ സിപിഎം അംഗം സമര്‍പ്പിച്ച പരാതി പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇവരെ നേരത്തെ അയോഗ്യരാക്കിയത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍  ഇരുവര്‍ക്കും മെംബര്‍മാരായി തുടരാവുന്നതാണ്. എന്നാല്‍ വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല. ഹൈക്കോടതി ജഡ്ജി എ കെ ജയശങ്കരന്‍ നമ്പ്യാരാണ് വിധി പ്രസ്താവം നടത്തിയത്.

RELATED STORIES

Share it
Top