thrissur local

മാള സ്‌പോര്‍ട്‌സ് അക്കാദമി അനിശ്ചിതാവസ്ഥയിലേക്ക്

മാള: മാളയുടെ കായിക സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴുന്നു. മൂന്ന് കോടിയോളം രൂപ ചിലവഴിച്ച് നിര്‍മിച്ച കെ കരുണാകരന്‍ സ്മാരക സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഭാവി അനിശ്ചിതാവസ്ഥയിലേക്ക്. സംസ്ഥാന പുരാവസ്തു വകുപ്പ് മാളയിലെ യഹൂദ സ്മാരകങ്ങള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതോടെയാണ് ആധുനിക സ്‌പോര്‍ട്‌സ് അക്കാദമിയുടെ അവശേഷിക്കുന്ന നിര്‍മാണം അനിശ്ചിതാവസ്ഥയിലായത്. ആധുനിക സ്‌പോര്‍ട്‌സ് അക്കാദമി നിലകൊള്ളുന്നത് യഹൂദ സെമിത്തേരിയിലാണ്. സംസ്ഥാന പുരാവസ്തു വകുപ്പധികൃതര്‍ പറയുന്നത് മാളയിലെ യഹൂദ സ്മാരകങ്ങള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ 26 ന് അന്തിമ വിജ്ഞാപനം ഇറങ്ങിയെന്നാണ്. അതിന് മുന്‍പായി തെളിവെടുപ്പുകളും മറ്റും കഴിഞ്ഞിരുന്നു. ഇതോടെ പതിറ്റാണ്ടുകളായി കായികപ്രേമികളുടെ സ്വപ്‌നമായിരുന്ന മാളയിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് സ്‌റ്റേഡിയം പൊളിക്കേണ്ടിവരുമെന്നാണ് വ്യാപകമായി ഉയരുന്ന ആശങ്ക. മാളയില്‍ 200 മീറ്റര്‍ ട്രാക്കില്ലാത്തതിനാല്‍ കാലങ്ങളായി മാള ഉപജില്ലാ കായികമേള ചാലക്കുടിയിലാണ് നടത്തിവരുന്നത്. താങ്ങാനാകാത്ത ചിലവും പോയി വരാനുള്ള ബുദ്ധിമുട്ടും മൂലം പല കുട്ടികളും മല്‍സരങ്ങളില്‍ നിന്നും മാറി നില്‍ക്കുന്ന പ്രവണതയുമുണ്ട്. മാളയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌റ്റേഡിയം വരുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്ന് കരുതിയിരിക്കേയാണ് സ്വപ്‌നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തി തീരുമാനം എത്തിയിരിക്കുന്നത്. ജനപ്രതിനിധികളുടേയും മറ്റും ഭാഗത്ത് നിന്നും ശക്തമായ നീക്കമുണ്ടായാല്‍ മൂന്ന് കോടിയില്‍പ്പരം രൂപ ചെലവഴിച്ച് പണിത സ്‌റ്റേഡിയം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയുണ്ട്. യഹൂദ പ്രതിനിധികളെകൂട്ടി സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ സമവായം ഉണ്ടാക്കണമെന്ന ആവശ്യവും വ്യാപകമാണ്. ഇനി മുതല്‍ മാള ടൗണില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വരും. യഹൂദ സ്മാരകങ്ങളുടെ നൂറ് മീറ്റര്‍ ചുറ്റളവില്‍ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല. അടുത്ത 200 മീറ്ററിനുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ പുരാവസ്തു വകുപ്പിന്റെ മുന്‍കൂര്‍ അനുമതി നേടണം. ഈ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ മാള ടൗണിലെമ്പാടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വരും. യഹൂദ ശ്മശാനവും സിനഗോഗും തമ്മില്‍ 300 മീറ്ററോളം മാത്രമാണ് അകലമുള്ളത്. മാള പഞ്ചായത്ത് ബസ് സ്റ്റാന്റിന് സമീപത്തായി കുറച്ച് ഭാഗത്താണ് അനുമതിയോടെ നിര്‍മ്മാണം നടത്താനാകുക. രേഖയിലുള്ളത്രയും സ്ഥലം ഏറ്റെടുക്കുകയാണെങ്കില്‍ നിലവിലുള്ള പല കെട്ടിടങ്ങളും മതിലുകളും പൊളിക്കേണ്ടി വരും. ഒരുപക്ഷേ മൂന്ന് കോടിയില്‍പ്പരം രൂപ വിനിയോഗിച്ച് നിര്‍മ്മാണം നടത്തിയ കെ കരുണാകരന്‍ സ്മാരക സ്‌റ്റേഡിയവും ഇന്‍ഡോര്‍ സ്‌റ്റേഡിയവും പൊളിക്കേണ്ടിയും വരും. പുതിയ ബജറ്റില്‍ മാള സ്‌പോര്‍ട്‌സ് അക്കാദമിക്ക് ഫണ്ടൊന്നും അനുവദിച്ചിട്ടുമില്ല.അതേസമയം മാളയിലെ കെ കരുണാകരന്‍ സ്മാരക സ്‌പോര്‍ട്‌സ് അക്കാദമി ഇപ്പോള്‍ തന്നെ സാമൂഹികവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. സ്‌റ്റേഡിയം ഉപയോഗയോഗ്യമാക്കാനായി വിദേശത്ത് നിന്നെത്തിച്ച കൃത്രിമപുല്ലും അനുബന്ധ വസ്തുക്കളും ഉപയോഗക്ഷമമല്ലാത്ത അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഫുട്‌ബോള്‍ കോര്‍ട്ടില്‍ വിരിക്കാനായി ഫിന്‍ലന്റില്‍ നിന്നുമെത്തിച്ച കൃത്രിമപുല്ലും പുല്ലിനടിയില്‍ പാകേണ്ടതായ റബ്ബര്‍ പെല്ലറ്റും പശയുമടങ്ങിയ വസ്തുക്കളാണ് നശിക്കുന്നത്. 60 ലക്ഷം രൂപ ചെലവഴിച്ച് എത്തിച്ച ഇവയെല്ലാം സ്‌റ്റേഡിയത്തിനകത്തുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇവ പാകുന്നതിനോ ഫുട്‌ബോള്‍ കോര്‍ട്ടടക്കമുള്ള സിന്തറ്റിക്ക് ട്രാക്ക് പ്രവര്‍ത്തന സഞ്ജമാക്കുന്നതിനോ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നീക്കവുമുണ്ടാകുന്നില്ല. 3.535 മീറ്റര്‍ വീതിയും 400 മീറ്റര്‍ നീളവുമുള്ള 15 റോള്‍ കൃത്രിമപുല്ലിന്റെ ഷീറ്റുകളാണ് ഇറക്കുമതി ചെയ്തത്. ഷീറ്റിനൊപ്പമെത്തിച്ച റബ്ബര്‍ തരികളും ഷീറ്റ് ഒട്ടിക്കാനായുള്ള പശയും ഇവിടെ എത്തിച്ചിട്ട് മാസങ്ങളേറെയായി. ഇവ ഉപയോഗിക്കുന്നത് വൈകിയാല്‍ പശയടക്കമുള്ളവ ഉപയോഗശൂന്യമാകും. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് എത്തിച്ച ഇവ സൂക്ഷിച്ചിരിക്കുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ ഷട്ടറിന്റെ പൂട്ടും സ്‌റ്റേഡിയത്തിനകത്തെ ശുചിമുറിയുടേയും ഓഫീസിന്റേയും പൂട്ടുകളും സാമൂഹിക വിരുദ്ധരാല്‍ തകര്‍ക്കപ്പെട്ടിട്ടുമുണ്ട്.
Next Story

RELATED STORIES

Share it