Kottayam Local

ഹോട്ടലുകളില്‍ ഭക്ഷണവില ഏകീകരിക്കണമെന്ന് ആവശ്യം

മുണ്ടക്കയം:പ്രദേശത്തെ ഹോട്ടലുകളില്‍ ഭക്ഷണവില ഏകീകരിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ ഒരേ ഭക്ഷണസാധനത്തിന് പലവില ഈടാക്കുന്നതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഇതില്‍ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചില ഹോട്ടലുകള്‍ക്കെതിരെയാണ് കൊള്ളവില ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. ബസ്സുകളില്‍ വന്നുപോവുന്നവര്‍ സ്ഥിരം ഉപഭോക്താക്കളല്ലാത്തതിനാല്‍ പരാതിയുണ്ടാവില്ലെന്ന ധൈര്യമാണ് ഇവരെ അമിതവില ഈടാക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. താരതമ്യേന എട്ടുരൂപ വിലയുള്ള പൊറോട്ടയ്ക്ക് ഇവിടെ ഈടാക്കുന്നത് പത്തു രൂപയാണ്. മറ്റു ഹോട്ടലുകളില്‍ 20 രൂപ വിലയുള്ള മുട്ടക്കറിക്ക് ഇവിടെ 25 രൂപ വരെ വാങ്ങുന്നുണ്ട്. ഈ വില വാങ്ങുന്ന മറ്റുചില ഹോട്ടലുകള്‍ ടൗണിലുണ്ടെങ്കിലും അവയെല്ലാം കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നവരും ഭക്ഷണത്തിന്റെ അളവില്‍ നിലവാരം പുലര്‍ത്തുന്നവരുമാണ്. കൂടുതല്‍ വില വാങ്ങുന്ന ഹോട്ടലില്‍ വിലവിവര പട്ടികയില്‍ കാണിച്ചിരിക്കുന്നത് കുറഞ്ഞ വിലയാണെങ്കിലും ചോദ്യംചെയ്താല്‍ ആക്ഷേപമായിരിക്കും പരിണിതഫലം. ഗ്രാമപ്പഞ്ചായത്ത് അധികൃതരും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ട് ഹോട്ടലുകളിലെ വില ഏകീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it