ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസില്‍ രണ്ട് പ്രതികള്‍ക്കു വധശിക്ഷ

ഹൈദരാബാദ്: ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസില്‍ രണ്ടു പ്രതികള്‍ക്കു വധശിക്ഷ. അനിക് ശഫീഖ് സഈദ്, മുഹമ്മദ് അക്ബര്‍ ഇസ്മാഈല്‍ ചൗധരി എന്നിവരെയാണു ഹൈദരാബാദ് സെക്കന്‍ഡ് അഡീഷനല്‍ മെട്രോപൊളിറ്റീന്‍ സെഷന്‍സ് കോടതി വധശിക്ഷയ്ക്കു വിധിച്ചത്. മൂന്നാമത്തെ പ്രതിയായ താരിക് അന്‍ജുമിനെ കോടതി ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഹൈദരാബാദ് ചെര്‍ളാപ്പള്ളി ജയില്‍വളപ്പില്‍ സജ്ജീകരിച്ച പ്രത്യേക കോടതിയിലായിരുന്നു വിചാരണ. 2007 ആഗസ്ത് 25ന് ഹൈദരാബാദ് ലുംബിനി പാര്‍ക്ക്, ഗോകുല്‍ ചാട് എന്നിവിടങ്ങളില്‍ നടന്ന ഇരട്ട സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടാണു ശിക്ഷ. അനിക് ശഫീഖ് സഈദ്, മുഹമ്മദ് അക്ബര്‍ ഇസ്മാഈല്‍ ചൗധരി എന്നിവര്‍ കേസില്‍ കുറ്റക്കാരാണെന്ന് ഈ മാസം നാലിനു കോടതി കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരായ ഇവര്‍ സംഘടനയുടെ മേധാവി റിയാസ് ഭട്കലുമായി അടുത്ത ബന്ധം പുലര്‍ത്തിയവരാണെന്നും കേസന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. റിയാസ് ഭട്കലടക്കമുള്ള പ്രതികള്‍ക്ക് അഭയം നല്‍കിയെന്നതാണു താരിക് അന്‍ജുമിനെതിരായ കുറ്റം. ബോംബ് ആക്രമണത്തിന്റെ ഗൂഢാലോച—ന സംബന്ധിച്ചും ഇയാള്‍ക്കെതിരേ കേസുണ്ട്. കേസിലെ പ്രതികളായ ഫാറൂഖ് ഷറഫുദ്ദീന്‍ തര്‍കാഷ്, മുഹമ്മദ് സാദിഖ് ഇസ്‌റാര്‍ എന്നിവരെ തെളിവുകളുടെ അഭിവത്തില്‍ കോടതി വെറുതെവിട്ടിരുന്നു. മറ്റു പ്രതികളായ റിയാസ് ഭട്കല്‍, സഹോദരന്‍ ഇഖ്ബാല്‍ ഭട്കല്‍ എന്നിവര്‍ ഒളിവിലാണ്.

Next Story

RELATED STORIES

Share it