malappuram local

ഹൈടെക് ഓണ്‍ലൈന്‍ തട്ടിപ്പ്; കാമറൂണ്‍ സ്വദേശികളുടെ പേരില്‍ പത്തോളം കേസുകള്‍

മലപ്പുറം: ഹൈടെക് ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ മഞ്ചേരി പോലിസ് അറസ്റ്റ് ചെയ്ത കാമറൂണ്‍ സ്വദേശികളായ പ്രതികളുടെ പേരില്‍ പത്തോളം സംസ്ഥാനങ്ങളില്‍ സമാനമായ കേസുകള്‍ നിലവിലുള്ളതായി വിവരം ലഭിച്ചു. ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരികയായിരുന്ന കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശികളായ അകുംബെ ബോമഞ്ചിവ (28) ലാങ്ജി കിലിയന്‍ കെങ് (27) എന്നിവരെ കഴിഞ്ഞ പതിനാലാം തിയ്യതി മഞ്ചേരി പോലിസ് ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നു ഫോണുകള്‍, സിം കാര്‍ഡുകള്‍, കംപ്യൂട്ടറുകള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലെ ലോ എന്‍ഫോഴ്‌സ്‌മെന്റ് എജന്‍സികളുമായി പങ്ക് വച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ഉള്‍പ്പെട്ട മറ്റ് കേസുകള്‍ സംബന്ധിച്ച് അറിയാനായത്. ഗുജറാത്ത്, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഗോവ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലുള്ളവരും, ജര്‍മ്മനി, റഷ്യ തുടങ്ങിയ രാജ്യക്കാരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് അറിയാനായത്. ഗുജറാത്ത് പോലിസ് കഴിഞ്ഞ ദിവസം പ്രതികളെ വിട്ടുകിട്ടുന്നതിനായി മഞ്ചേരി സിജെഎം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മഞ്ചേരി സ്വദേശിയായ ഹോള്‍സെയില്‍ മരുന്ന് വിപണന കേന്ദ്രത്തിലേക്ക് ആവശ്യമായ വിലപിടിപ്പുള്ള മരുന്ന് വെബ്‌സൈറ്റില്‍ സെര്‍ച്ച് ചെയ്തതിനെ തുടര്‍ന്ന് ബന്ധപ്പെട്ട പ്രതികള്‍ ഇപ്രകാരം പരാതിക്കാരനില്‍ നിന്നും ഒന്നേകാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്ത കാര്യത്തിന് മഞ്ചേരി പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.മഞ്ചേരി സിഐ എന്‍ ബി ഷൈജു, എസ്‌ഐ ജലീല്‍ കറുത്തേടത്ത് സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍ എം അബ്ദുല്ല ബാബു, എസ്‌ഐടി അംഗങ്ങളായ കെ പി അബ്ദുല്‍ അസീസ്, സ്രാമ്പിക്കല്‍ ശാക്കിര്‍, കെ വി ഉണ്ണികൃഷ്ണന്‍, എ ശശികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.
Next Story

RELATED STORIES

Share it