ഹൈക്കോടതി രണ്ടുതവണ വിധിച്ചിട്ടും അമൃതനാട്യം കലോല്‍സവ ഇനമായില്ല

ഫഖ്‌റുദ്ധീന്‍   പന്താവൂര്‍

തൃശൂര്‍: രണ്ടുതവണ ഹൈക്കോടതി വിധിയുണ്ടായിട്ടും സ്‌കൂള്‍ കലോല്‍സവ മല്‍സരയിനമായി അമൃതനാട്യം ഉള്‍പ്പെടുത്താത്തതില്‍ കനത്ത അമര്‍ഷം. നൂപുരധ്വനികളാലും താള, രാഗ, വര്‍ണ വിസ്മയത്താലും ഉല്‍സവലഹരിയില്‍ വിഹരിക്കുന്ന തൃശൂരില്‍ കലാമണ്ഡലം രമേശ് അമര്‍ഷത്തി ല്‍ തന്നെയാണ്.
പതിറ്റാണ്ടുകള്‍ക്കു മുമ്പേ നടത്തിയ സപര്യയുടെ ഫലമായി ചിട്ടപ്പെടുത്തിയെടുത്ത അമൃതനാട്യം എന്ന പുത്തന്‍ നൃത്തരൂപം കലോല്‍സവവേദികളില്‍ അവതരിപ്പിക്കാന്‍ സാധിക്കാത്തത് മാഷിനു നിരാശയാണു നല്‍കിയത്. മലബാറിന്റെ സിരകളില്‍ അലിഞ്ഞുചേര്‍ന്ന തെയ്യക്കോലങ്ങളില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് ചടുലമായ ചുവടുകളോടെ ശാസ്ത്രീയമായ രീതിയില്‍ ചിട്ടപ്പെടുത്തിയ അമൃതനാട്യം എന്ന കലാരൂപം 2015-16 വര്‍ഷത്തെ കലോല്‍സവത്തില്‍ മല്‍സര ഇനമായി ഉള്‍പ്പെടുത്തി മാന്വല്‍ പുറത്തിറങ്ങിയിരുന്നു. അതിനാല്‍ 2016-17 കലോല്‍സവത്തിലെങ്കിലും മല്‍സര ഇനമാവുമെന്ന പ്രതീക്ഷയിലായിരുന്നു ഈ കലാകാരനും കലാസ്‌നേഹികളും. എന്നാല്‍, കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ നടന്ന സംസ്ഥാന കലോല്‍സവത്തിലും അമൃതനാട്യമില്ലെന്ന വാര്‍ത്ത വേദനയായി.
ഇപ്പോഴിതാ തൃശൂരിലെ കലോല്‍സവത്തിലും ഈ കലാരൂപമില്ല. ഇത്തവണ മല്‍സര മാന്വല്‍ പരിഷ്‌കരിച്ചിട്ടും ഈ കലാരൂപം പുറത്തുതന്നെ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിദ്യാഭ്യാസമന്ത്രിയും ഏറെ താല്‍പര്യത്തോടെ അമൃതനാട്യത്തെ അടുത്ത കലോല്‍സവത്തില്‍ ഉള്‍പ്പെടുത്താന്‍ ഡിപിഐക്ക് നിര്‍ദേശം നല്‍കിയിരുന്നു. കലാരൂപത്തെ കലോല്‍സവത്തില്‍ ഉള്‍പ്പെടുത്തണമെന്ന് രണ്ടുതവണ ഹൈക്കോടതി വിധിയും വന്നിരുന്നു. എന്നിട്ടും ഒന്നും നടന്നില്ല.
14 വര്‍ഷം മുമ്പ് അമൃതനാട്യം കലോല്‍സവത്തില്‍ ഉള്‍പ്പെടുത്താന്‍ 50,000 രൂപ ചോദിച്ച ഉദ്യോഗസ്ഥനെക്കുറിച്ചും രമേശ് വേദനയോടെ ഓര്‍ക്കുന്നു. ഒറ്റനോട്ടത്തില്‍ തെയ്യത്തെ ഓര്‍മിപ്പിക്കുന്ന ചുവപ്പും കറുപ്പും വെളുപ്പും നിറഞ്ഞ വേഷമാണിതെന്ന് രമേശ് അവകാശപ്പെടുന്നു. ഓരോ തെയ്യക്കഥകള്‍ക്കും പ്രത്യേകം എഴുതി ചിട്ടപ്പെടുത്തിയ ഗാനമാണ് പശ്ചാത്തലത്തില്‍ ആലപിക്കുന്നത്. സരളമായ മലയാളത്തി ല്‍ എഴുതപ്പെട്ടിട്ടുള്ള അമൃതനാട്യത്തിന്റെ സംഗീതം തോറ്റത്തേക്കാള്‍ എളുപ്പം കാഴ്ചക്കാരനുമായി സംവദിക്കും.
Next Story

RELATED STORIES

Share it