Flash News

ഹൈക്കോടതി മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ് ; 25 പേര്‍ക്ക് പരിക്ക്‌



കൊച്ചി: മുസ്‌ലിം ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയിലേക്കു നടത്തിയ മാര്‍ച്ചിനു നേരെ പോലിസ് അതിക്രമം. സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാംമതം സ്വീകരിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത ഡോ. ഹാദിയയുടെ വിവാഹം അസ്ഥിരപ്പെടുത്തിയ ഹൈക്കോടതി നടപടി പുനപ്പരിശോധിക്കുക, ഹാദിയയുടെ ജീവന്‍ സംരക്ഷിക്കുക, വിധിപ്രസ്താവം നടത്തിയ ജഡ്ജിമാരെ ഇംപീച്ച് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. പോലിസ് നടത്തിയ ഗ്രനേഡ്, ജലപീരങ്കി പ്രയോഗങ്ങളിലും ലാത്തിച്ചാര്‍ജിലും 25ഓളം പേര്‍ക്കു പരിക്കേറ്റു. 15 പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കൊച്ചിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് എറണാകുളം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താലെന്ന് ജനറല്‍ കണ്‍വീനര്‍ വി കെ ഷൗക്കത്തലി, ഖജാഞ്ചി അനസ് റഹ്മാനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മുസ്‌ലിം ഏകോപന സമിതി ജില്ലാ കമ്മിറ്റി അംഗം നാസര്‍ ബാഖവി, പ്രവര്‍ത്തകരായ അല്‍ അമീന്‍, സുധീര്‍, സഗീര്‍, താഹിര്‍, നിഷാദ്, സക്കീര്‍, സനൂജ്, ഷമീര്‍, നൗഷാദ്, അഷ്‌റഫ്, സലാം, സിയാദ്, സിറാജ്, സുധീര്‍, ഷിഹാബ്, ഹക്കീം എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.  രാവിലെ 11ഓടെ കലൂര്‍ മണപ്പാട്ടി പറമ്പില്‍നിന്നാരംഭിച്ച മാര്‍ച്ച് സെന്റ് ആല്‍ബര്‍ട്‌സ് കോളജിനു മുന്നില്‍ പോലിസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ടുനീങ്ങാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. തുടര്‍ന്ന് പോലിസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിന്മാറിയില്ല. ഇതോടെ പോലിസ് ലാത്തി വീശുകയും ഗ്രനേഡ് പ്രയോഗിക്കുകയുമായിരുന്നു. പലരെയും പോലിസ് വളഞ്ഞിട്ട് ക്രൂരമായി തല്ലിച്ചതച്ചു. നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് കൂടുതല്‍ സംഘര്‍ഷം ഒഴിവായത്. അതേസമയം, മാര്‍ച്ചില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന മൂവായിരം പേര്‍ക്കെതിരേ കേസെടുത്തതായി അസി. കമ്മീഷണര്‍ ലാല്‍ജി തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it