ഹൈക്കോടതി മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയും പരാജയം

കൊച്ചി: നഴ്‌സുമാരടക്കമുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു. ഇന്നലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ആശുപത്രി ഉടമകളുടെ അഞ്ച് സംഘടനകളും നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയും മറ്റ് തൊഴിലാളി സംഘടനകളും ഹൈക്കോടതി പ്രതിനിധികളുടെ മധ്യസ്ഥതയില്‍ മണിക്കൂറുകളോളം ചര്‍ച്ച നടത്തിയെങ്കിലും മിനിമം വേതനകാര്യത്തില്‍ തീരുമാനമാവാതെ പിരിയുകയായിരുന്നു.
ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റി (ഐആര്‍സി) നിര്‍ദേശിച്ചിട്ടുള്ള ശമ്പളവര്‍ധന നടപ്പാക്കുന്നതില്‍ വിരോധമില്ലെന്നും വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും ആശുപത്രി മാനേജ്‌മെന്റുകളുടെ അസോസിയേഷന്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. എന്നാല്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്ന ഡ്രാഫ്റ്റ് നോട്ടിഫിക്കേഷനില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചകള്‍ക്കില്ലെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു. യുഎന്‍എ അടക്കമുള്ള ജീവനക്കാരുടെ സംഘടനകളുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു. എന്നാല്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായി എന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍ വാദിക്കുമ്പോഴും ശമ്പളത്തിന്റെ കാര്യത്തില്‍ 30 ശതമാനത്തില്‍ കൂടുതല്‍ വര്‍ധന നടപ്പാക്കാന്‍ തയ്യാറാവുന്നില്ലെന്ന് നഴ്‌സുമാരുടെ സംഘടനകളായ യുഎന്‍എ, ഐഎന്‍എ പ്രതിനിധികള്‍ പറഞ്ഞു.
ശമ്പളവര്‍ധന അട്ടിമറിക്കുന്നതിനാണ് ആശുപത്രി മാനേജ്‌മെന്റുകള്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ മെയ് 12 മുതല്‍ അനിശ്ചിതകാല സമരമടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടുപോവും. ശമ്പളപരിഷ്‌കരണം അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായി യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ ആരോപിച്ചു. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ 15 മുതല്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കും. 20നു ശേഷം അനിശ്ചിത കാല സമരമടക്കമുള്ള നടപടികളിലേക്ക് സംഘടന നീങ്ങും. അന്തിമ വിജ്ഞാപനം വരുന്നതിനു മുമ്പ് സ്റ്റേ വാങ്ങിയത് ശരിയായ നടപടിയല്ലെന്ന് എഐടിയുസി പ്രതിനിധി കെ വി മോഹന്‍ദാസ് പറഞ്ഞു.
മധ്യസ്ഥ ചര്‍ച്ചയില്‍ ലേബര്‍ കമ്മീഷണര്‍ എ അലക്‌സാണ്ടര്‍, മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് അംഗം വിനോദ്, ഹൈക്കോടതി പ്രതിനിധികളായി പി ബാബുകുമാര്‍, എ ആര്‍ ജോര്‍ജ് പങ്കെടുത്തു.
ആശുപത്രി മാനേജ്‌മെന്റുകളുടെ അസോസിയേഷനുകളായ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍, ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്റ്റീഷനേഴ്‌സ് ഹോസ്പിറ്റല്‍ അസോസിയേഷന്‍, കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ, കേരള പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍, ഐഎംഎ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ എന്നിവയുടെ പ്രതിനിധികളും നഴ്‌സിങ് സംഘടനകളായ ഐഎന്‍എ, യുഎന്‍എ പ്രതിനിധികളും ട്രേഡ് യൂനിയനുകളായ എഐടിയുസി, സിഐടിയു പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it