ഹൈക്കോടതി ജഡ്ജിയായി ശുപാര്‍ശ ചെയ്യപ്പെട്ടവരില്‍ തീവ്ര ഹിന്ദുത്വ നേതാവും

കോഴിക്കോട്: കേരള ഹൈക്കോടതിയിലേക്ക് സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ ചെയ്ത അഞ്ചു ജഡ്ജിമാരില്‍ ഒരാള്‍ തീവ്ര ഹിന്ദുത്വ സംഘടനാ നേതാവ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെട്ട കോട്ടയം വൈക്കം പന്തല്ലൂര്‍ മഠത്തിലെ എന്‍ നഗരേഷാണ് സനാതന്‍ സന്‍സ്ഥ ഉള്‍െപ്പടെയുള്ള തീവ്ര ഹിന്ദുത്വ സംഘടനകളോട് ആഭിമുഖ്യം പുലര്‍ത്തുന്നത്. 2009ല്‍ ഹിന്ദു ജാഗരണ്‍ സമിതി കൊച്ചിയില്‍ സംഘടിപ്പിച്ച ധര്‍മസഭയിലെ പ്രധാന പ്രാസംഗികരില്‍ ഒരാള്‍ നഗരേഷ് ആയിരുന്നു. ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സനാതന്‍ സന്‍സ്ഥയുടെ പ്രണിത ഉള്‍െപ്പടെയുള്ളവരായിരുന്നു പ്രാസംഗികര്‍. ഇതില്‍ സംഘപരിവാര സംഘടനയായ സംസ്ഥാന അഭിഭാഷക പരിഷത് നേതാവായിട്ടാണ് നഗരേഷ് പങ്കെടുത്തത്.
വര്‍ഷങ്ങളായി സംഘപരിവാര സംഘടനകളുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന നഗരേഷ് സിഎംആര്‍എല്‍ എംപ്ലോയീസ് സംഘിന്റെ മുന്‍ പ്രസിഡന്റായിരുന്നു. ബിഎംഎസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഇദ്ദേഹം അഭിഭാഷക പരിഷത്തിന്റെ സംസ്ഥാന ഭാരവാഹിത്വവും വഹിച്ചിരുന്നു. രാജ്യത്ത് നിരവധി സ്‌ഫോടനക്കേസുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സനാതന്‍ സന്‍സ്ഥയുമായുള്ള അടുത്ത ബന്ധത്തിനു പുറമെ ആര്‍എസ്എസ് ഉള്‍െപ്പടെയുള്ള തീവ്ര ഹിന്ദുത്വ സംഘടനകളുമായി നേതൃനിരയില്‍ തന്നെ യോജിച്ചു പ്രവര്‍ത്തിക്കുന്നയാളാണ് നഗരേഷ്.
പഠനകാലത്ത് നഗരേഷ് എറണാകുളത്ത് പ്രാന്ത കാര്യാലയം ശാഖാ മുഖ്യ ശിക്ഷക് ആയിരുന്നു. ആര്‍എസ്എസ് ദേശീയ നിര്‍വാഹക സമിതി അംഗമായ മലയാളി ജെ നന്ദകുമാറിന്റെ സമകാലികനാണ് ഇദ്ദേഹം. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റും അവിഭക്ത പരിഷത് ദേശീയ നിര്‍വാഹക സമിതി അംഗവുമായിരിക്കെ, ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ അഡീഷനല്‍ സോളിസിറ്റര്‍ ജനറലായി നിയമനം ലഭിച്ചു. മൂന്നു വര്‍ഷത്തേക്കായിരുന്നു നിയമനം. എറണാകുളം ജില്ലയിലും സംസ്ഥാനത്തുടനീളവും സംഘപരിവാര വേദികളില്‍ സജീവമായിരുന്ന നഗരേഷ് ലൗ ജിഹാദ് ഇരകള്‍ക്ക് സൗജന്യ നിയമസഹായം എന്നപേരില്‍ അഭിഭാഷക പരിഷത് സംസ്ഥാന ഘടകം പ്രചാരണം നടത്തിയപ്പോള്‍ അതിനു പിറകിലുണ്ടായിരുന്നു.
അതേസമയം, ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നതിനുള്ള കൊളീജിയത്തില്‍ ഇടംനേടിയതിനു പിറകെ തീവ്ര ഹിന്ദുത്വ സംഘടനകളുമായുള്ള ബന്ധം വ്യക്തമാക്കുന്ന പോസ്റ്റുകള്‍ എഫ്ബി അക്കൗണ്ടില്‍ നിന്നു നഗരേഷ് നീക്കം ചെയ്തു. നഗരേഷ് നായിക് എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് തന്റെ സംഘപരിവാര ബന്ധം വ്യക്തമാക്കുന്ന പോസ്റ്റുകള്‍ ഇദ്ദേഹം ഒഴിവാക്കിയത്.



Next Story

RELATED STORIES

Share it