ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനം 5 ചീഫ് ജസ്റ്റിസുമാരെ ശുപാര്‍ശ ചെയ്

തുന്യൂഡല്‍ഹി: ബോംബെ, കല്‍ക്കത്ത അടക്കം രാജ്യത്തെ അഞ്ച് ഹൈക്കോടതികളിലേക്കുള്ള ചീഫ് ജസ്റ്റിസ് നിയമനം സംബന്ധിച്ച് സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ പുറപ്പെടുവിച്ചു. ബോംബെ, കല്‍ക്കത്ത എന്നിവയ്ക്ക് പുറമേ ഉത്തരാഖണ്ഡ്, ഗുവാഹത്തി, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ പേരുകളാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ കൊളീജിയം കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ ശുപാര്‍ശ ചെയ്തത്.
ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍ എച്ച് പാട്ടീലിനെ നിയമിക്കുന്നതിനാണ് കൊളീജിയത്തിന്റെ ശുപാര്‍ശ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ വിരമിച്ച ശേഷം ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ബോംബെ ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ എന്‍ എച്ച് പാട്ടീല്‍ നിലവില്‍ കോടതിയിലെ ആക്റ്റിങ് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചുവരികയാണ്.
കല്‍ക്കത്ത ഹൈക്കോടതിയില്‍ ആക്റ്റിങ് ചീഫ് ജസ്റ്റിസായ ഡി കെ ഗുപ്തയെയാണ് ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്തത്. കൊല്‍ക്കത്ത ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജ്യോതിര്‍മയ് ഭട്ടാചാര്യ അടുത്തിടെ വിരമിച്ചതിനെത്തുടര്‍ന്നുള്ള ഒഴിവിലേക്കാണ് ജസ്റ്റിസ് ഡി കെ ഗുപ്തയുടെ നിയമനം.
ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രമേശ് രംഗനാഥന്റെ പേരാണ് കൊളീജിയം ശുപാര്‍ശ ചെയ്തത്. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് കെ എം ജോസഫിനെ ഈ വര്‍ഷം സുപ്രിംകോടതിയിലേക്ക് നിയമിച്ചിരുന്നു.
ഗുവാഹത്തി ഹൈക്കോടതിയില്‍ സ്ഥാനമൊഴിഞ്ഞ ജസ്റ്റിസ് അജിത് സിങിന് പകരം ജസ്റ്റിസ് എ എസ് ബൊപ്പണ്ണയെയാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത്.
ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് വിജയ് കുമാര്‍ ബിസ്തിനെയാണ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്തത്. ജസ്റ്റിസ് എസ് കെ അഗ്നിഹോത്രിയായിരുന്നു ഇതിനു മുമ്പുള്ള സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ്.



Next Story

RELATED STORIES

Share it