Flash News

ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരേ തുറന്നടിച്ച് ജ. കെമാല്‍ പാഷ

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പന വിഷയവുമായി ബന്ധപ്പെട്ട് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നു താന്‍ ഉത്തരവിട്ടത്  വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. കഴിഞ്ഞദിവസം ന്യായാധിപ പദവിയില്‍ നിന്നു വിരമിച്ച ജസ്റ്റിസ് കെമാല്‍ പാഷ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന തന്റെ വിധിയില്‍ ഒരിക്കലും ഖേദം തോന്നിയിട്ടില്ല. താന്‍ ഒരു കാര്യം ചെയ്യുന്നത് ശരിയെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. തന്റെ മുമ്പില്‍ വരുന്നത് മതമേലധ്യക്ഷനാണോ അല്ലയോ എന്നൊന്നും താന്‍ നോക്കാറില്ല. നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യരാണ്. ഏത് മതമേലധ്യക്ഷനായാലും അവരുടെ പ്രതിച്ഛായയെ ബാധിക്കുമോയെന്നത് ഒരു ജഡ്ജിയുടെ പ്രശ്‌നമല്ല. പ്രതിച്ഛായക്ക് മങ്ങലേല്‍ക്കേണ്ടവരാണെങ്കില്‍ മങ്ങലേല്‍ക്കണം. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനികിന് കര്‍ദിനാളിന്റെ കേസില്‍ താല്‍പര്യമുണ്ടെന്ന് തനിക്കു തോന്നുന്നില്ല. അദ്ദേഹം ഉള്‍പ്പെട്ട സഭയാണെന്നു താന്‍ കേട്ടിരുന്നു. കര്‍ദിനാളിന്റെ കേസില്‍ തന്റെ വിധിക്കെതിരേ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് പുറപ്പെടുവിച്ച  വിധി താന്‍ കണ്ടിട്ടില്ലെന്നും കെമാല്‍ പാഷ പറഞ്ഞു. താനുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള കേസാണെങ്കില്‍ ആ കേസ് ഒരു ജഡ്ജിക്ക് കേള്‍ക്കാതിരിക്കാം. ആ നിലയ്ക്ക് മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി ബന്ധപ്പെട്ട് കേസ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനികിന് കേള്‍ക്കാതിരിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ അത്തരത്തിലൊരു മാതൃക അദ്ദേഹം കാണിച്ചില്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. അത് വീഴ്ചയെന്നു പറയാന്‍ പറ്റില്ല. തന്റെ ബെഞ്ചിലുണ്ടായിരുന്ന കേസുകള്‍ മാറ്റിയത് ഏതെങ്കിലും താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നോ എന്ന് തനിക്ക് അറിയില്ല. പക്ഷേ, അനവസരത്തിലായിരുന്നു കേസുകള്‍ മാറ്റിയത്. ഇത് വിവാദം വിളിച്ചുവരുത്തി. കേസുകള്‍ മാറ്റിയതിനു സര്‍ക്കാരിന് ഉത്തരവാദിത്തമില്ല. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മാത്രമാണ്. കീഴ്‌വഴക്കങ്ങള്‍ക്കെതിരായി ചീഫ് ജസ്റ്റിസ് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും കെമാല്‍പാഷ പറഞ്ഞു.
തന്റെ മുന്നില്‍ വരുന്ന കേസില്‍ വിധിപറയുമ്പോള്‍ ആത് ആരെയാണ് ബാധിക്കുന്നതെന്നത് തന്റെ വിഷയമല്ല. ഭരിക്കുന്ന പാര്‍ട്ടിയായാലും അല്ലെങ്കിലും കൊലപാതക രാഷ്ട്രീയം എന്നുണ്ടെങ്കില്‍ അതിനെതിരേ ശക്തമായ നിലപാട് എടുക്കണം. രാഷ്ട്രീയ കൊലപാതകങ്ങളില്‍ യഥാര്‍ഥ പ്രതികള്‍ ശിക്ഷിക്കപ്പെടുന്ന സാഹചര്യം വളരെ കുറവാണ്. അണിയറയില്‍ മറഞ്ഞിരുന്ന് പ്രവര്‍ത്തിക്കുന്ന പലരും നിയമത്തിനു മുമ്പില്‍ വരുന്നില്ല. ഇതു പോലിസിന്റെ വീഴ്ചയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വതന്ത്രമായിരിക്കണം.
ബാര്‍ കോഴക്കേസില്‍ കെ എം മാണി രാജിവയ്ക്കണമെന്ന ഉദ്ദേശ്യത്തോടെ താന്‍ വിധിപ്രസ്താവം നടത്തിയിട്ടില്ല. രാജ്യത്ത് അഴിമതി കുറയ്ക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ട്. കെ എം മാണി മന്ത്രിസ്ഥാനം രാജിവച്ചത് മഹത്തായ കാര്യമാണ്. പൊതുസമൂഹത്തിലെ ചര്‍ച്ചയൊന്നും വിധിപ്രസ്താവങ്ങളില്‍ തന്നെ സ്വാധീനിച്ചിട്ടില്ല.
ജഡ്ജിമാരെ നിശ്ചയിക്കുന്നത് കൊളീജിയം സംവിധാനത്തിലൂടെയാണ്. അത് തെറ്റാണെന്ന് പറയാന്‍ കഴിയില്ല. അതിലും നല്ല സംവിധാനം ഇപ്പോഴില്ല. കഴിഞ്ഞ അഞ്ചര വര്‍ഷമായി താന്‍ ഹൈക്കോടതിയില്‍ ഉണ്ട്. സിവിലും ക്രിമിനലുമായി മേജര്‍ സെക്ഷന്‍ കൈകാര്യം ചെയ്തിരുന്ന വ്യക്തിയാണ് താന്‍. എന്നിട്ടും താന്‍ കണ്ടിട്ടില്ലാത്ത ആളുകള്‍ കൊളീജിയം ലിസ്റ്റിലുണ്ട്. തനിക്കു മാത്രമല്ല കുറേ അധികം ജഡ്ജസിനും ഇവരെ അറിയില്ലെന്നും കെമാല്‍ പാഷ പറഞ്ഞു. ജഡ്ജിമാര്‍ നീതി നിര്‍വഹണത്തില്‍ ആത്മപരിശോധനയ്ക്ക് വിധേയരാവണം. ജനങ്ങളില്‍ ജുഡീഷ്യറിയുടെ വിശ്വാസം നഷ്ടപ്പെടാന്‍ ഇടയായിട്ടുണ്ടോ എന്നു പരിശോധിക്കണം. അഭിഭാഷകര്‍ക്ക് ഇതില്‍ വലിയ ചുമതലയുണ്ട്. വീഴ്ചകള്‍ പറ്റുന്നുണ്ടെങ്കില്‍ അവര്‍ അതു ചൂണ്ടിക്കാട്ടണം. പക്ഷേ, പലപ്പോഴും ഇതിന് തയ്യാറാവുന്നില്ല. മാധ്യമങ്ങളുടെ ചര്‍ച്ച മിക്കതും പോസിറ്റീവായിട്ടാണ് താന്‍ കാണുന്നത്. ഒരിക്കലും ഒരാളുടെ മനസ്സിനെ സ്വാധീനിക്കുന്ന തീരുമാനം മാധ്യമങ്ങള്‍ എടുക്കാന്‍ പാടില്ല.
ഏകീകൃത സിവില്‍ കോഡില്‍ താന്‍ ആര്‍എസ്എസിന്റെ താ ല്‍പര്യമൊന്നുമല്ല പറഞ്ഞത്. ആര്‍എസ്എസിന്റെ താല്‍പര്യം എന്താണെന്ന് തനിക്ക് അറിയില്ല. ഏകീകൃത സിവില്‍ കോഡ് വരുന്നതിനു മുമ്പ് അത് എന്താണ് എന്നു പഠിക്കാതെ അതിനെതിരേ വാളെടുക്കരുത്. ഇത് താന്‍ പറഞ്ഞതിന്റെ പേരില്‍ തന്റെ സമുദായം എതിരാവുമെന്ന് തനിക്കു തോന്നുന്നില്ല. ഇതുസംബന്ധിച്ച് തനിക്കു ഭയമില്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.
Next Story

RELATED STORIES

Share it