kannur local

ഹൈക്കോടതി ഉത്തരവിലും കോര്‍പറേഷന്‍ നടപടിയില്ല

കണ്ണൂര്‍: അനധികൃത നിര്‍മാണത്തിനെതിരേ നടപടിയെടുക്കാന്‍ കോര്‍പറേഷന്‍ അധികൃതര്‍ക്കു മടി. ടൗണ്‍ പ്ലാനിങ് ഓഫിസര്‍ മുതല്‍ ഹൈക്കോടതി വരെ ഇടപെട്ടെങ്കിലും കെട്ടിടം പൊളിച്ചുമാറ്റാനോ നടപടിയെടുക്കാനോ അധികൃതര്‍ തയ്യാറായില്ല. കണ്ണൂര്‍ വില്ലേജ് ഒന്നില്‍പെട്ട താണ ആനയിടുക്കിലാണ് കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് ഇരുനില വീട് നിര്‍മിച്ചത്. ഇതേത്തുടര്‍ന്ന് പരിസരവാസികള്‍ നല്‍കിയ പരാതിയില്‍ അഞ്ചുവര്‍ഷമായിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. ആനയിടുക്കില്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാരി നിര്‍മിച്ച നജ്മ നിവാസിനെതിരേയാണ് പരിസരത്തെ വീട്ടുകാരും സര്‍വീസ് സ്റ്റേഷന്‍ ഉടമയും പരാതി നല്‍കിയത്. സമീപത്തെ കെട്ടിടത്തില്‍ നിന്നു 1.20 മീറ്റര്‍ അകലം പാലിക്കണമെന്ന കെട്ടിടനിര്‍മാണ ചട്ടം ലംഘിച്ചെന്നു കാണിച്ചാണു പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് 2013 നവംബര്‍ 12നു തന്നെ പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കി. എന്നാല്‍, സാവകാശം വേണമെന്ന വീട്ടുടമയുടെ ആവശ്യത്തിന്‍മേല്‍ മൂന്നുമാസം സാവകാശം നല്‍കി. ഇതിനിടെ വീട്ടുടമ നഗരസഭയ്‌ക്കെതിരേ കോടതിയെ സമീപിച്ചെങ്കിലും മുന്‍സിഫ് കോടതി തള്ളി. തുടര്‍ന്ന് ഏഴു ദിവസത്തിനകം കെട്ടിടം പൊളിച്ചുമാറ്റി കോര്‍പറേഷനെ രേഖാമൂലം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നല്‍കി. ടൗണ്‍ പ്ലാനിങ് ഓഫിസറുടെ പരിശോധനയിലും ചട്ടലംഘനം ബോധ്യപ്പെട്ടിരുന്നു. സമീപത്തെ വീട്ടുചുമരുമായി 1.20 മീറ്റര്‍ അകലം പാലിക്കേണ്ടിടത്ത് ഇതിന്റെ പകുതിയിലും താഴെയാണ് വീട്ടുചുമരുള്ളത്. നേരിട്ടു നടത്തിയ പരിശോധനയില്‍ ചട്ടലംഘനം ബോധ്യപ്പെട്ട ടൗണ്‍ പ്ലാനിങ് ഓഫിസര്‍ പൊളിച്ചുമാറ്റാന്‍ ശുപാര്‍ശ ചെയ്ത് കോര്‍പറേഷന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും നടപടിയെടുക്കാത്തതിനാല്‍ പരാതിക്കാള്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതേത്തുടര്‍ന്ന് 2017 ഒക്്‌ടോബര്‍ 16നു ഹരജി തീര്‍പ്പാക്കിക്കൊണ്ട് എത്രയും വേഗം അനധികൃത നിര്‍മാണം പൊളിച്ചുമാറ്റണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവ്  കോര്‍പറേഷനു ലഭ്യമായിട്ടും നടപടിയൊന്നുമെടുത്തില്ല. ഇതോടെ പരാതിക്കാര്‍ കോര്‍പറേഷന്‍ സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് നോട്ടീസ് അയച്ചെങ്കിലും അതും ഗൗനിക്കുന്നില്ലെന്നാണു പരാതി. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ നിരന്തരം പറയുന്ന ഭരണാധികാരികളാണ് ഹൈക്കോടതി ഉത്തരവ് പോലും ലംഘിച്ച് അനധികൃത നിര്‍മാണത്തിന് ഒത്താശ ചെയ്യുന്നത്.
Next Story

RELATED STORIES

Share it