thrissur local

ഹേമന്തിന് പുതുജീവന്‍ നല്‍കിയ പോലിസുകാര്‍ക്ക് ഒരച്ഛന്റെ നിറഞ്ഞ സ്‌നേഹം

തൃശൂര്‍: അമൃത എക്‌സ്പ്രസ്സില്‍ നിന്നും അര്‍ധരാത്രി തെറിച്ചുവീണ് രക്തം വാര്‍ന്ന് കിടന്ന ഹേമന്തിനെ രക്ഷിച്ച പോലിസുകാര്‍ക്ക് ഒരച്ഛന്റെ അഭിനന്ദനവും, മതിവരാത്ത സ്‌നേഹവായ്പും. തൃശൂര്‍ വെസ്റ്റിലെ എഎസ്‌ഐ വി എ രമേശ്, പോലിസ് ഉദ്യോഗസ്ഥരായ കെ കെ സന്തോഷ്, അനില്‍കുമാര്‍, ടി.ഉന്മേഷ് എന്നിവരൂടെ അവസരോചിത ഇടപെടലിലൂടെയാണ് ഒരു കുടുംബത്തിന് താങ്ങായ ഹേമന്തിനെ രക്ഷപ്പെടുത്താനായത്.
പൂങ്കുന്നം റെയില്‍വേ സ്‌റ്റേഷനടുത്ത് വെച്ച് തീവണ്ടിയില്‍ നിന്നും തെറിച്ചുവീണ് ഗുരുതര പരിക്കേറ്റു കിടന്ന മകനെ ആശുപത്രിയിലെത്തിച്ച പോലീസൂകാരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് അച്ഛന്‍ വി.പി അശോകന്‍ , സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ്ചന്ദ്ര ജി.എച്ച് ഐപിഎസിന് തുറന്ന കത്തെഴുതിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. കണ്ണൂര്‍ സ്വദേശിയായ എ.എസ് ഹേമന്ത് (26) എറണാംകുളത്തേയ്ക്ക് ജോലിയ്ക്ക് പോകവെ കഴിഞ്ഞ മെയ് 29 ന് രാത്രി 12.10സമയത്താണ് അപകടമുണ്ടായത്.
തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണതൊന്നും ഇപ്പോള്‍ ഹേമന്തിന് ഓര്‍ത്തെടുക്കാനാകുന്നില്ല. എന്നാല്‍ പോലിസുകാരെത്തി ആശുപത്രിയില്‍ കൊണ്ടുപോയതും, ജീവിതം തിരിച്ചുപിടിച്ചതും എങ്ങനെ മറക്കാനാകുമെന്ന് ഹേമന്ത് പറഞ്ഞു നിര്‍ത്തി.  കൊച്ചിയിലെ നവഗതി മറൈന്‍ ഡിസൈന്‍ കണ്‍സ്ട്രക്ഷനില്‍ എഞ്ചിനീയറാണ് ഹേമന്ത്. ട്രയിനില്‍ നിന്ന് ഒരാള്‍ വീണിട്ടുണ്ടെന്ന വിവരമറിഞ്ഞയുടന്‍ നൈറ്റ് ഡ്യൂട്ടിക്കാരായ വെസ്റ്റ് പോലീസ് ടീം ഓടിയെത്തി , ചോരവാര്‍ന്ന് അവശനായി കിടന്നയാളെ ഉടന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു.
പേഴ്‌സിലുള്ള ആധാര്‍ കാര്‍ഡ് കണ്ടെത്തി വിലാസം മനസ്സിലാക്കി പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരം നല്‍കിയാണ് ബന്ധുക്കള്‍ക്ക്  അപകട വിവരം കൈമാറിയത്. തൃശൂരുള്ള ഇവരുടെ കുടുംബാംഗങ്ങള്‍ ഓടിയെത്തി തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വിദഗ്ദ ചികിത്സ തേടുകയും ചെയ്തു.
ഒരുമാസത്തിനകം വലതുകാലിന്റെ പ്രശ്‌നമൊഴിച്ച്  പൂര്‍ണ്ണ ആരോഗ്യവാനായി ഹേമന്ത് ജീവിതം തിരിച്ചു പിടിച്ചു കഴിഞ്ഞു. ചികിത്സാ സൗകര്യത്തിനായി  ഇപ്പോള്‍ കുടുംബം ഗുരുവായൂരിലാണ് താത്കാലിക താമസം. പോലിസുദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രിയും, പ്രശസ്തി പത്രവും നല്‍കാന്‍ കമ്മീഷണര്‍ ഉത്തരവിട്ടു.
Next Story

RELATED STORIES

Share it