ഹീരാ ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഇസ്്‌ലാമിക ബിസ്സിനസ്സിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ഹീരാ ഗ്രൂപ്പ് ചെയര്‍പേഴ്‌സണും ആള്‍ ഇന്ത്യാ മഹിള എംപവര്‍മെന്റ് പാര്‍ട്ടി പ്രസിഡന്റുമായ ഡോ. ആലിമ നുഹൂറ ഷെയ്ഖിനെ ഹൈദരാബാദ് പോലിസ് അറസ്റ്റ് ചെയ്തു.
പോലിസ് ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കമ്പനിയിലെ നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ വരുന്ന തുക വെട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്. തട്ടിപ്പിനെതിരേ പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ ഹൈദരാബാദ്, മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ അവരുടെ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ച് വരികയായിരുന്നു. 20,000 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പ്രാഥമിക വിവരം.
നിരവധി പേരില്‍ നിന്നായി ഹീരാ ഗ്രൂപ്പിന് വേണ്ടി നിക്ഷേപം സ്വരൂപിക്കുകയും തിരിച്ച് പണം ആവശ്യപ്പെട്ടവര്‍ക്ക് അത് നല്‍കിയില്ലെന്നുമാണ് കേസ്. അതോടൊപ്പം നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കുന്നത് കഴിഞ്ഞ കര്‍ണാടക തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നിര്‍ത്തുകയും ചെയ്തു. കര്‍ണാടക തിരഞ്ഞെടുപ്പില്‍ നുഹൂറ ഷെയ്ഖിന്റെ പാര്‍ട്ടി മല്‍സരിച്ചിരുന്നു. കോണ്‍ഗ്രസിന് വിജയസാധ്യതയുള്ള സ്ഥലത്ത് മുസ്്‌ലിംവോട്ടുകള്‍ പിളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്നും ഇത് ബിജെപിയെ സഹായിക്കാനായിരുന്നുവെന്നുമാണ് ആരോപണം. തിരഞ്ഞെടുപ്പിന് ശേഷം അവരുടെ ഒരു പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥി തന്നെ നുഹൂറ ഷെയ്ഖിനെതിരേ വഞ്ചനാക്കുറ്റത്തിന് കേസ് ഫയല്‍ ചെയ്തു.
അറസ്റ്റിലായെങ്കിലും നിക്ഷേപകര്‍ക്ക് പണം തിരിച്ചു കിട്ടുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല ഇവരുടെ സ്ഥാപനങ്ങളിലൊന്നായ ഹൈദരാബാദിലെ ഹീരാ ഗോള്‍ഡിനു മുന്നില്‍ 200 നിക്ഷപകര്‍ ദിവസങ്ങളായി സമരം നടത്തിവരികയാണ്.
ഹലാല്‍ നിക്ഷേപമെന്ന പേരില്‍ വന്‍തുക വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തുന്ന നിരവധി കമ്പനികള്‍ ദക്ഷിണേന്ത്യയിലുണ്ട്. ബാംഗ്ലൂരിലെ കമ്പനികളായ അംബിദാന്ത് മാര്‍ക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ്, ആല വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, അജ്മീര പ്രൈവറ്റ് ലിമിറ്റഡ്, ബുറാഭ് വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്നവേറ്റിവ് പ്രൈവറ്റ് ലിമിറ്റഡ്, ആല്‍ഫ ട്രേഡേഴ്‌സ്, ജെ എസ് ജെ ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ്, ഇഖ്‌റഅ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, മുസാരിബ ഇന്‍വെസ്റ്റ്‌മെന്റ്‌സ്, സംസം ഇന്‍വെസ്റ്റ്‌മെന്‍സ്, മോര്‍ജെനല്‍ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളാണ് ഇത്തരത്തില്‍ തട്ടിപ്പിന് പിന്നില്‍.

Next Story

RELATED STORIES

Share it