Flash News

ഹിലരി കേസില്‍ വീഴ്ച : എഫ് ബിഐ മേധാവി കോമിയെ ട്രംപ് പുറത്താക്കി



വാഷിങ്ടണ്‍: യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ഡയറക്ടര്‍ ജെയിംസ് കോമിയെ പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ് പുറത്താക്കി. ഹിലരി ക്ലിന്റന്‍ ഇ-മെയില്‍ കേസ് അന്വേഷണം മോശമായി കൈകാര്യം ചെയ്തുവെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി. രഹസ്യാന്വേഷണ ഏജന്‍സിയെ നയിക്കാന്‍ കോമി പ്രാപ്തനല്ലെന്നും പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്താക്കുറിപ്പില്‍ വൈറ്റ്ഹൗസ് അറിയിച്ചു.എഫ്ബിഐ മേധാവിയെ നീക്കാനുള്ള അറ്റോര്‍ണി ജനറലിന്റെയും ഡെപ്യൂട്ടി അറ്റോര്‍ണി ജനറലിന്റെയും നിര്‍ദേശം പ്രസിഡന്റ് അടിയന്തരപ്രാധാന്യത്തോടെ നടപ്പാക്കുകയായിരുന്നു. ഹിലരി ക്ലിന്റന്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഇ-മെയില്‍ ഉപയോഗിച്ചു എന്ന കേസിന്റെ വിശദാംശങ്ങള്‍ പൊതുസമക്ഷത്തില്‍ ചര്‍ച്ച ചെയ്തതിലൂടെ നീതി വകുപ്പിന്റെ നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍. എഫ്ബിഐയുടെ യശസ്സിനും വിശ്വാസ്യതയ്ക്കും വലിയ കോട്ടമുണ്ടായി. നീതിവകുപ്പിനെ ഇതു മോശമായി ബാധിച്ചു. നടപടിക്ക് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളെന്നും പുതിയ മേധാവിയെ ഉടന്‍ നിയമിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.അതേസമയം, ട്രംപിന്റെ റഷ്യന്‍ ബന്ധത്തെക്കുറിച്ചുള്ള അന്വേഷണ പുരോഗതിയാണ് നടപടിക്കു പിന്നിലെന്ന്് വിലയിരുത്തലുണ്ട്. റഷ്യ- ട്രംപ് ബന്ധം വര്‍ഷങ്ങള്‍ക്കു മുമ്പേ ആരംഭിച്ചതാണെന്നും സമീപ കാലത്ത് ശക്തി പ്രാപിക്കുകയായിരുന്നുവെന്നും വ്യക്തമാക്കുന്ന രഹസ്യരേഖ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് രഹസ്യാന്വേഷണ വൃത്തങ്ങള്‍ കൈമാറിയിരുന്നു. എഫ്ബിഐ മേധാവിയെ പുറത്താക്കിയ നടപടി വലിയ പിഴവാണെന്ന് ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it