Cricket

ഹിറ്റായി രോഹിത്: ഇന്ത്യക്ക് കൂറ്റന്‍ ജയം

ഹിറ്റായി രോഹിത്: ഇന്ത്യക്ക് കൂറ്റന്‍ ജയം
X


ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ആദ്യ ട്വന്റി20 ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വമ്പന്‍ ജയം. 76 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അയര്‍ലന്‍ഡിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യന്‍ സ്പിന്നര്‍മാരുടെ കരുത്തുറ്റ ബൗളിങാണ് അയര്‍ഡലന്‍ഡിനെ തകര്‍ത്തത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 208 റണ്‍സാണ് അടിച്ചു കൂട്ടിയത്. അവസാന ഓവറില്‍ മൂന്ന് റണ്‍സിനിപ്പുറം സെഞ്ച്വറി നഷ്ടമായ രോഹിത് ശര്‍മയും(61 പന്തില്‍ 97) അര്‍ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാനും (45 പന്തില്‍ 74) തുടക്കത്തില്‍ തന്നെ ഐറിഷ് ബൗളര്‍മാരെ പറത്തുന്ന കാഴ്ചയാണ് അയര്‍ലന്‍ഡിലെ മഹാഹിഡെ സ്റ്റേഡിയത്ത് കണ്ടത്.  ഒന്നാം വിക്കറ്റില്‍ 160 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.  മികച്ച കൂട്ടുകെട്ട് ഉയര്‍ത്തവേ 74 റണ്‍സെടുത്ത ധവാനെ പുറത്താക്കി കെവിന്‍ ഒബ്രിയാനാണ് അയര്‍ലന്‍ഡിന് ബ്രേക്ക് ത്രൂ നല്‍കിയത്. 45 പന്തില്‍ അഞ്ച്  വീതം ഫോറുകളും സിക്‌സുകളും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്‌സ്. വെടിക്കെട്ട് തുടര്‍ന്ന രോഹിത് ഒരുവേള സെഞ്ചുറിയിലേക്ക് കുതിക്കുകയാണെന്ന് തോന്നിപ്പിച്ചെങ്കിലും താരം അവസാന ഓവറില്‍ പുറത്തായി. എട്ടു ഫോറുകളും അഞ്ച് സിക്‌സറും താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നു. റെയ്‌ന (10), ധോണി (11), വിരാട് കോഹ്‌ലി(0), എന്നിവരാണ് പുറത്തായ മറ്റു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍.അവസാന ഓവറില്‍ അയര്‍ലന്‍ഡിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പീറ്റര്‍ ചെയ്‌സ് മല്‍സരത്തില്‍ ആകെ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി.
കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിനിറങ്ങിയ അയര്‍ലന്‍ഡിന് വേണ്ടി ഷനോന്‍ (60) അര്‍ധ സെഞ്ച്വറി സ്വന്തമാക്കി തിളങ്ങി. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ യുസ്‌വേന്ദ്ര ചാഹല്‍ മൂന്നും ജസ്പ്രീത് ബൂംറ രണ്ട് വിക്കറ്റും സ്വന്തമാക്കി.
Next Story

RELATED STORIES

Share it