ഹിമാചല്‍: ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പരാജയപ്പെട്ടു

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി  പ്രേംകുമാര്‍ ധുമാല്‍ പരാജയപ്പെട്ടു. സുജാന്‍പൂര്‍ മണ്ഡലത്തില്‍ നിന്നു ജനവിധി തേടിയ ധുമാല്‍ 1709 വോട്ടുകള്‍ക്കാണു കോണ്‍ഗ്രസ്സിന്റെ രജീന്ദര്‍ റാണയോടു പരാജയപ്പെട്ടത്. ധുമാലിനു പുറമെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സത്പാല്‍ സിങ് സാത്തിയും പരാജയപ്പെട്ടു. വോട്ടെടുപ്പിന് ഒമ്പതു ദിവസം മുമ്പു മാത്രമായിരുന്നു ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ധുമാലിനെ തീരുമാനിച്ചത്.  മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി ആദ്യഘട്ടത്തില്‍ ബിജെപിയില്‍ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. തുടര്‍ന്നു പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഇടപെടലിനെ തുടര്‍ന്നാണു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ധുമാലിനെ തീരുമാനിച്ചത്. എന്നാല്‍, ധുമാലിന്റെ പരാജയത്തോടെ ഇനിയും മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു സംസ്ഥാനത്തെ ബിജെപി ക്യാംപ് വേദിയാവും. കേന്ദ്ര ആരോഗ്യമന്ത്രിയും സംസ്ഥാനത്തു നിന്നുള്ള രാജ്യസഭാ എംപിയുമായ ജെ പി നഡ്ഡ, ധുമാലിന്റെ മകനും ഹാമിര്‍പൂരില്‍ നിന്നുള്ള ലോക്‌സഭാ എംപിയുമായി അനുരാഗ് ഠാക്കൂര്‍ തുടങ്ങിയവരുടെ പേരാണു മുഖ്യമന്ത്രി സ്ഥാനത്തേക്കു ബിജെപി പരിഗണിക്കുന്നത്. ജെപി നഡ്ഡയ്ക്ക് പാര്‍ട്ടി പ്രഥമ പരിഗണന നല്‍കുമെന്നാണു കരുതുന്നത്. 1993, 98, 2007 വര്‍ഷങ്ങളില്‍ എംഎല്‍എ ആയ നഡ്ഡ 2007ല്‍ സംസ്ഥാന മന്ത്രിസഭയില്‍ വനം, പരിസ്ഥിതി വകുപ്പിന്റെ ചുമതല വഹിച്ചിരുന്നു. മുഖ്യമന്ത്രി പദം ധുമാലിനു വാഗ്ദാനം ചെയ്തിരുന്നതിനാല്‍ മകന്‍ അനുരാഗ് ഠാക്കൂറിന് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നു ധുമാല്‍പക്ഷം ആവശ്യപ്പെടുമെന്നും സൂചനയുണ്ട്. 43കാരനായ അനുരാഗ് ഠാക്കൂര്‍ കഴിഞ്ഞവര്‍ഷം പാര്‍ട്ടിയുടെ യുവജന വിഭാഗം പ്രസിഡന്റായും ബിസിസിഐ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നരേന്ദ്ര ഠാക്കൂര്‍, അനില്‍ ശര്‍മ എന്നിവരുടെ പേരും ചര്‍ച്ചകളില്‍ ഉയരുന്നുണ്ട്. കോണ്‍ഗ്രസ് മുന്‍ മന്ത്രി സുഖ്‌റാമിന്റെ മകനായ അനില്‍ ശര്‍മ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിക്കു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. വീര്‍ഭദ്ര സിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരില്‍ ശര്‍മ മന്ത്രിയായിരുന്നു. 2009ല്‍ ബിജെപി വിടുകയും പിന്നീട് പാര്‍ട്ടിയില്‍ തിരിച്ചെത്തുകയും ചെയ്ത നേതാവാണ് നരേന്ദ്ര ഠാക്കൂര്‍.
Next Story

RELATED STORIES

Share it