ഹിന്ദു-മുസ്‌ലിം സൗഹൃദസംഗമം; ചമന്‍ എന്ന റിദ്‌വാന്റെ സംസ്‌കാരച്ചടങ്ങ്‌

ഹിന്ദു-മുസ്‌ലിം സൗഹൃദസംഗമം; ചമന്‍ എന്ന റിദ്‌വാന്റെ സംസ്‌കാരച്ചടങ്ങ്‌
X
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ മുറാദാബാദില്‍ നിന്നാണു വാര്‍ത്ത. മനോനില തകരാറിലായ യുവാവ് മരണസമയത്ത് ഹൈന്ദവരെയും മുസ്‌ലിംകളെയും ഒന്നിപ്പിച്ചു. അസുഖംമൂലമായിരുന്നു 24കാരനായ യുവാവിന്റെ മരണം. ഹിന്ദു പാരമ്പര്യം അനുസരിച്ച് പച്ചമുളയില്‍ വൈക്കോല്‍ വിരിച്ച തട്ടില്‍ കിടത്തിയ മൃതദേഹം ഇരുസമുദായക്കാരും കൂടി ചുമന്നു. യാത്ര അവസാനിച്ചത് പ്രദേശത്തെ ഹിന്ദു ശ്മശാനത്തില്‍. അവിടെ മുസ്‌ലിം രീതിയില്‍ ഖബറടക്കം നടന്നു. അന്ത്യചടങ്ങുകള്‍ പോലെ വിചിത്രമായിരുന്നു അവന്റെ ജീവിതവും.



ഒരു ആഗസ്തില്‍ നല്ല മഴക്കാലത്താണ് അവന്റെ ജനനം; മുറാദാബാദ് കാട്ട്ഘര്‍ പ്രദേശത്തെ താമസക്കാരി ജ്വാല സൈനിയുടെ രണ്ടാമത്തെ കുട്ടിയായി. ചമന്‍ എന്ന് പേരിട്ടു. മുതിര്‍ന്നപ്പോള്‍ ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. കഴിയുന്നത്ര നന്നായി അവനെ പരിചരിച്ചു, എങ്കിലും ഒരുദിവസം അവന്‍ അപ്രത്യക്ഷനായി.
2009 ഫെബ്രുവരിയിലാണ് ചമനെ കാണാതായതെന്ന് പോലിസ് പറയുന്നു. കുടുംബം പരാതി നല്‍കിയില്ല. 2009 ഡിസംബറില്‍ ഒരു മസ്ജിദിനു സമീപം ചമനെ താന്‍ കണ്ടതായി മാതാവ് ജ്വാല പറയുന്നു. വീട്ടിലേക്ക് ഒപ്പം കൂട്ടാന്‍ ശ്രമിച്ചു. പ്രദേശവാസിയായ സുബ്ഹാന്‍ ആലം തന്റെ ഇളയസഹോദരന്‍ റിദ്‌വാന്‍ ആലമാണ് അതെന്നു പറഞ്ഞ് ജ്വാലയെ തടഞ്ഞു.
ഇരുകുടുംബങ്ങളും അവകാശവാദവുമായി പോലിസ് സ്‌റ്റേഷനിലെത്തി. രണ്ടു വിഭാഗത്തിന്റെ കൈവശവും തെളിവൊന്നുമില്ലായിരുന്നു. ഒരു പടംപോലുമില്ല. വ്യക്തമായ തെളിവു നല്‍കാന്‍ രണ്ടു വീട്ടുകാര്‍ക്കുമായില്ലെന്ന് പോലിസും പറയുന്നു. കുട്ടിയുടെ രക്ഷിതാക്കളായി ഇരുവീട്ടുകാരെയും പോലിസ് തീരുമാനിച്ചു.
അന്നു മുതല്‍ അവന്‍ ഹൈന്ദവര്‍ക്ക് ചമനും മുസ്‌ലിംകള്‍ക്ക് റിദ്‌വാനുമായി. അവന് എവിടെയും ഒരു നിയന്ത്രണവുമില്ലായിരുന്നു. സ്വതന്ത്രമായി എല്ലായിടത്തുമെത്തി. ചില ദിവസങ്ങളില്‍ ഞങ്ങളോടൊപ്പം ഉച്ചഭക്ഷണം കഴിച്ച്, ഹിന്ദു പ്രദേശത്ത് കിടന്നുറങ്ങി. ചില ദിവസങ്ങളില്‍ അവിടെ നിന്നു ഭക്ഷണം കഴിച്ച് ഇവിടെ കിടന്നുറങ്ങി- സുബ്ഹാന്‍ ആലം പറയുന്നു.
സുബ്ഹാന്റെ വീട്ടില്‍ റിദ്‌വാന് ഇളയ സഹോദരനെന്ന പരിഗണന ലഭിച്ചു. സുബ്ഹാന്റെ മക്കള്‍ക്ക് അവന്‍ ഇളയച്ഛനായിരുന്നു. ഇളയ കുട്ടിയായി ചമന്‍ തന്റെ വീട്ടിലെത്തുമ്പോള്‍ ജ്വാല സൈനി അവനെ ഊട്ടി, കുളിപ്പിച്ചു.
തുടക്കത്തില്‍ ഇത്തിരി പ്രയാസം തോന്നിയിരുന്നു. എന്നാല്‍, മുസ്‌ലിംകള്‍ അവനെ പരിചരിച്ചത് വളരെ സംതൃപ്തികരം. മതഭിന്നതയോ വീടുകളോ ഒന്നും മനസ്സിലാക്കാനുള്ള പ്രാപ്തിയില്ലാത്ത ചമന് ഈ ക്രമീകരണം തുടരാമെന്നു ഞാന്‍ തീരുമാനിച്ചു. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ചമന്‍ എന്ന റിദ്‌വാന്റെ പരിചരണം ഇരുകുടുംബങ്ങളെയും കൂടുതല്‍ അടുപ്പിച്ചു. ഇരുകുടുംബങ്ങളും ഒരു വലിയ കൂട്ടുകുടുംബംപോലെയായി. അവര്‍ ഒരുമിച്ചു ഭക്ഷിച്ചു. ഈദും മറ്റും ഒന്നിച്ച് ആഘോഷിച്ചു.
ചമന്‍ എന്ന് റിദ്‌വാന്‍ അസുഖബാധിതനായപ്പോഴും ഇരുവീട്ടുകാരും ഒന്നിച്ചുനിന്നു. ബറേലിയിലെ മികച്ച ആശുപത്രിയിലേക്കു കൊണ്ടുപോവാനായിരുന്നു ശ്രമം. അതിനിടെ സുബ്ഹാന്റെ മുന്നില്‍- റിദ്‌വാന്‍ മരിച്ചു.
സ്വന്തം രീതിയില്‍ മരണാനന്തര ചടങ്ങുകള്‍ക്ക് ഒരുക്കം നടത്തിയ ഇരുസമുദായങ്ങളും മൃതദേഹത്തിന് അവകാശവാദമുന്നയിച്ചു. അവസാനം അവര്‍ യോജിപ്പിലെത്തി. ഹിന്ദു ശ്മശാനത്തില്‍ ചമന്റെ അന്ത്യചടങ്ങുകള്‍ക്കു ശേഷം ഇസ്‌ലാമികരീതിയില്‍ റിദ്‌വാനെ ഖബറടക്കാനായിരുന്നു തീരുമാനം. ശ്്മശാന കമ്മിറ്റി അതിനു സൗകര്യവുമൊരുക്കി. ഇരുകുടുംബങ്ങളും ഈ യുവാവിന്റെ മോക്ഷത്തിനുള്ള പ്രാര്‍ഥനയിലാണ്. മലയാള നോവല്‍ 'ഖസാക്കിന്റെ ഇതിഹാസത്തി'ലെ അപ്പുക്കിളി പോലൊരു ഉത്തരേന്ത്യന്‍ കഥാപാത്രം ചമന്‍ എന്ന റിദ്‌വാന്‍.
Next Story

RELATED STORIES

Share it