Flash News

ഹാഷിംപുര കൂട്ടക്കൊല: 31 വര്‍ഷത്തിനു ശേഷം കേസില്‍ നിര്‍ണായക തെളിവുകള്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഷിംപുരയില്‍ 42 മുസ്‌ലിം ചെറുപ്പക്കാരെ കൂട്ടക്കൊല ചെയ്ത കേസില്‍ സംഭവം നടന്ന് മൂന്നുപതിറ്റാണ്ടിനു ശേഷം നിര്‍ണായക തെളിവുകള്‍. 1987ല്‍ നടന്ന കൂട്ടക്കൊലയില്‍ പങ്കെടുത്തവരെക്കുറിച്ച് പരാമര്‍ശിക്കുന്ന, കാണാതായെന്നു പറഞ്ഞ ഡയറിയാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് പോലിസ് ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ 2015ല്‍ കുറ്റവിമുക്തരാക്കപ്പെട്ടവരെ കുറിച്ച് പരാമര്‍ശിക്കുന്ന ഡയറി കൂട്ടക്കൊലയ്ക്ക് സാക്ഷിയായ രണ്‍ഭീര്‍ സിങ് ബിഷ്‌ണോയി മുഖേനയാണ് ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയില്‍ സമര്‍പ്പിച്ചത്.
പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യംചെയ്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ ഹരജിയാണ് തീസ് ഹസാരി കോടതി പരിഗണിക്കുന്നത്. 40ല്‍ അധികം പേരെ പിഎസി ഉദ്യോഗസ്ഥര്‍ വാനില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി തെളിഞ്ഞിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍, കൊലപാതകം നടത്തിയത് പിഎസി 41ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥര്‍ തന്നെയാണോ എന്നു തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് 2015 മാര്‍ച്ചില്‍ 16 പേരെ കോടതി വെറുതെവിട്ടത്. സംഭവം നടക്കുമ്പോള്‍ ജോലിയിലുണ്ടായിരുന്ന പിഎസി ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ എഴുതിയിരുന്ന ഡയറി കാണാതായതാണ് പ്രതികളെ വെറുതെവിടാന്‍ കാരണമായത്. എന്നാല്‍, ഈ ഡയറി കണ്ടെത്തിയതാണ് ഇപ്പോള്‍ കേസില്‍ നിര്‍ണായക തെളിവായിരിക്കുന്നത്.
സംഭവം നടക്കുമ്പോള്‍ മീറത്തില്‍ നിയമിക്കപ്പെട്ട പോലിസ് സംഘത്തില്‍ ഉണ്ടായിരുന്നവരുടെ പേരുകളാണ് ഡയറിയിലെന്ന് രണ്‍ഭീര്‍ സിങ് കോടതിയെ അറിയിച്ചു. കമാന്‍ഡര്‍ സുരേന്ദ്രര്‍പാല്‍ സിങ്, ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ നിരഞ്ജന്‍ ലാല്‍, കമല്‍സിങ്, ശ്രാവണ്‍കുമാര്‍, കുഷ് കുമാര്‍, എസ് സി ശര്‍മ, കോണ്‍സ്റ്റബിള്‍മാരായ ഓംപ്രകാശ്, ഷമീഉല്ല, ജയ്പാല്‍, മഹേഷ് പ്രസാദ്, രാംധന്യാന്‍, ലീലാ ധര്‍, ഹംബീര്‍ സിങ്, സുന്‍വാര്‍ പാല്‍, ബുധാ സിങ്, ബസന്ത് ഭല്ലബ്, നായിക് രണ്‍ഭീര്‍ സിങ് എന്നിവരാണ് സംഭവദിവസം ജോലിയിലുണ്ടായിരുന്നതെന്നാണ് ഡയറിയിലുള്ളത്. കേസിന്റെ വിചാരണസമയത്ത് കുറ്റപത്രത്തോടൊപ്പം എല്ലാ രേഖകളും ഹാജരാക്കിയിരുന്നെന്നും 1987 മെയ് 22ലെ ഡയറിയിലെ പേജുകളുടെ ഫോട്ടോപകര്‍പ്പുകളും അവയ്‌ക്കൊപ്പം ഉണ്ടായിരുന്നുവെന്നും അഡീഷനല്‍ സെഷന്‍സ് ജഡ്ജി നവിത കുമാരി ഭഗ മുമ്പാകെ രണ്‍ഭീര്‍ സിങ് മൊഴിനല്‍കി. കമ്മീഷന്റെ അപേക്ഷയില്‍ ഡയറി ഉള്‍പ്പെടെയുള്ളവ ശേഖരിക്കാന്‍ ഡല്‍ഹി ഹൈക്കോടതി നേരത്തേ യുപി സര്‍ക്കാരിന് നിര്‍ദേശം കൊടുത്തിരുന്നു.
1987 മെയ് 22നാണ് ഉത്തര്‍പ്രദേശിലെ ഹാഷിംപുരയില്‍ 42 മുസ്‌ലിം യുവാക്കളെ പ്രൊവിഷനല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി) കസ്റ്റഡിയിലെടുത്ത് കനാലിന് അരികില്‍ കൊണ്ടുപോയി വെടിവച്ചുകൊന്നത്. മീറത്തില്‍ നിന്നും ഹാഷിംപുരയില്‍ നിന്നുമായി 700ഓളം മുസ്‌ലിംകളെയാണ് പിഎസി നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തിരുന്നത്. ഇതില്‍ 50ഓളം യുവാക്കളെ പോലിസ് ട്രക്കില്‍ കയറ്റി മക്കന്‍പൂര്‍ ഗ്രാമത്തിലുള്ള കനാലിനരികെ കൊണ്ടുപോയി വെടിവച്ചുകൊന്ന് കനാലില്‍ തള്ളുകയായിരുന്നു. ഇതില്‍ മരിച്ചെന്നു കരുതി പോലിസ് ഉപേക്ഷിച്ച അഞ്ചുപേരിലൂടെയാണ് നിയമപാലകരുടെ അരുംകൊല പിന്നീട് പുറംലോകമറിഞ്ഞത്. സുപ്രിംകോടതി നിര്‍ദേശപ്രകാരം വിചാരണ ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു.
Next Story

RELATED STORIES

Share it