ഹാരിസണ്‍ ഭൂമി: സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്

തിരുവനന്തപുരം: ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള എസ്‌റ്റേറ്റുകള്‍ തിരിച്ചുപിടിക്കാന്‍ സ്‌പെഷ്യല്‍ ഓഫിസര്‍ എം ജി രാജമാണിക്യം നല്‍കിയ ഉത്തരവുകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്. ബോധപൂര്‍വം കേസ് തോറ്റതാണെന്ന ആക്ഷേപത്തിനിടെയാണ് സര്‍ക്കാര്‍ നീക്കം. ഹൈക്കോടതി വിധിക്കെതിരേ നിയമനിര്‍മാണം നടത്താനായിരുന്നു സര്‍ക്കാര്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍, അതിനു കാലതാമസം വരുമെന്നു കണ്ടതിനാലാണ് സുപ്രിംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
സര്‍ക്കാരിന്റെ ഭൂമിയാണെന്ന് കണ്ടെത്തി 38,000 ഏക്കര്‍ തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടതിനെതിരേ ഹാരിസണ്‍സ് മലയാളവും ഇവരില്‍ നിന്ന് ഭൂമി വാങ്ങിയവരും നല്‍കിയ ഹരജികളിലാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് അശോക് മേനോന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ മാസം വിധി പ്രസ്താവിച്ചത്. നിയമം മറികടന്ന് റോബിന്‍ഹുഡിനെപ്പോലെ സര്‍ക്കാര്‍ പെരുമാറരുതെന്ന് നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് ഹാരിസണിന്റെ നാല് എസ്റ്റേറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചത്.
2015 മെയ് 28നാണ് ചെറുവള്ളി എസ്‌റ്റേറ്റ്, ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ എസ്‌റ്റേറ്റ്, ലെ ബോയ്‌സ് എസ്‌റ്റേറ്റ്, റിയ എസ്‌റ്റേറ്റ് എന്നിവ അടങ്ങുന്ന 6335 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍, ഹൈക്കോടതി വിധിയോടെ ഈ നടപടി അസാധുവായി. ഹാരിസണ്‍ ഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണയിക്കാന്‍ ഭൂസംരക്ഷണ നിയമപ്രകാരം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന് അധികാരമില്ലെന്നും സിവില്‍ കോടതികളാണ് ഇക്കാര്യം തീര്‍പ്പാക്കേണ്ടതെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പേ കൈവശമുണ്ടായിരുന്ന ഭൂമിയാണ്, കേരള ഭൂസംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഇതു വരില്ല എന്ന ഹാരിസണിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
വിധിക്കെതിരേ വ്യാപകമായ ആക്ഷേപങ്ങളാണ് ഉയര്‍ന്നത്. വേണ്ട വിധത്തില്‍ കോടതിയില്‍ കേസ് നടത്താതെയും സുപ്രധാന രേഖകള്‍ ഹാജരാക്കാതെയും ഒത്തുകളിച്ചാണ് സര്‍ക്കാര്‍ ഹാരിസണ്‍ കേസ് തോറ്റുകൊടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു. വിധി നിരാശാജനകമാണെന്നും പരിശോധിക്കണമെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഭൂമി പാട്ടത്തിനു നല്‍കിയത് തിരിച്ചെടുക്കാന്‍ അവകാശമുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.
Next Story

RELATED STORIES

Share it