ഹാരിസണ്‍ കേസ്: കോടതിവിധി ചോദിച്ചുവാങ്ങിയ പരാജയം- ചെന്നിത്തല

തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ലാന്റേഷന് സര്‍ക്കാര്‍ ഒത്താശ ചെയ്തുകൊടുത്തതിന്റെ ഫലമാണ് സുപ്രിംകോടതിയില്‍ നിന്നുണ്ടായ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചോദിച്ചുവാങ്ങിയ പരാജയമാണിത്. കൃത്യമായ രേഖകള്‍ ഹാജരാക്കാതെ ഹൈക്കോടതിയില്‍ അട്ടിമറിച്ചതിനേറ്റ തിരിച്ചടിയാണ് വിധി.
യുഡിഎഫ് മികച്ച രീതിയിലാണ് കേസ് നടത്തിയത്. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം കേസില്‍ കള്ളക്കളി നടത്തി. കേസ് നന്നായി കൈകാര്യം ചെയ്തിരുന്ന സുശീലാ ഭട്ടിനെ മാറ്റിയെന്നും ചെന്നിത്തല പറഞ്ഞു. പൊന്തന്‍പുഴ കേസിലും സര്‍ക്കാരിന് പിഴവു പറ്റി. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ഭൂമി സംബന്ധമായ കേസുകളെല്ലാം മനഃപൂര്‍വം തോറ്റുകൊടുക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ധനവകുപ്പ് അട്ടിമറിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഹാരിസണ്‍ ഉള്‍പ്പെടെ വന്‍കിട കൈയേറ്റക്കാര്‍ നിയമവിരുദ്ധമായും അനധികൃതമായും കൈവശം വച്ചുവരുന്ന ഭൂമി ഏറ്റെടുക്കുന്നതിനു നിയമനിര്‍മാണം ഉള്‍െപ്പടെയുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവണമെന്ന് വി എം സുധീരന്‍. ഹാരിസണ്‍ മലയാളം പ്ലാന്റേഷന് സര്‍ക്കാര്‍ ഒത്താശ ചെയ്തുകൊടുത്തതിന്റെ ഫലമാണ് സുപ്രിംകോടതിയില്‍ നിന്നുണ്ടായ തിരിച്ചടിയെന്നും അദ്ദേഹം പറഞ്ഞു.
സുപ്രിംകോടതിയിലെ കേസ് നടത്തിപ്പില്‍ ഗുരുതരമായ വീഴ്ച വരുത്തിയ സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതാണ് ഈ വിധി. സര്‍ക്കാരിന് അനുകൂലമാം വിധം നിയമത്തിന്റെ പിന്‍ബലമുള്ള ഈ കേസ് വിശദമായ വാദം കേള്‍ക്കാതെയും മെറിറ്റിലേക്ക് കടക്കാതെയുമാണ് സുപ്രിംകോടതി തള്ളിയത്. ഇത് കേസ് നടത്തിപ്പില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അലംഭാവം വ്യക്തമാക്കുന്നു. ഹാരിസണിനെതിരേ സുപ്രിംകോടതി വരെ നേരത്തേ അംഗീകരിച്ചിട്ടുള്ള വിജിലന്‍സ് കേസ് നടപടികള്‍ കാര്യക്ഷമമായും സത്യസന്ധമായും മുന്നോട്ടുകൊണ്ടുപോവുന്നതില്‍ ഇനിയെങ്കിലും സര്‍ക്കാര്‍ വീഴ്ച വരുത്തരുതെന്നും സുധീരന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it