ഹാരിസണ്‍ കമ്പനിക്കുവേണ്ടി സര്‍ക്കാര്‍ തോറ്റുകൊടുത്തെന്ന്‌

കോട്ടയം: ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവയ്ക്കാനും രാജമാണിക്യം കമ്മീഷന്‍ റിപോര്‍ട്ട് റദ്ദാക്കിക്കൊണ്ടുമുള്ള കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ഭൂമികൈയേറ്റക്കാരെ സഹായിക്കുന്നതാണെന്ന് ഭൂസമര മുന്നണി സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിലായി ഹാരിസണ്‍ കമ്പനി അനധികൃതമായി 38,171 ഏക്കര്‍ ഭൂമി കൈവശംവച്ചിരിക്കുന്നതായാണ് രാജമാണിക്യം കമ്മീഷന്‍ കണ്ടെത്തിയത്. വന്‍കിട കമ്പനികളുടെ നിലനില്‍പ്പ് സര്‍ക്കാരിന്റെ കൂടി ആവശ്യമാണെന്നും ജനവികാരം മാത്രം നോക്കി സര്‍ക്കാര്‍ ഭരണം നടത്തരുതെന്നുമുള്ള കോടതി പരാമര്‍ശം ആശങ്കാവഹമാണ്. സംസ്ഥാനത്തെ ഭൂരഹിതരും കോളനിക്കാരും അടക്കമുള്ള ജനവിഭാഗങ്ങളുടെ ജീവിത പ്രശ്‌നത്തെ അവഗണിക്കുന്ന കോടതി വിധിയെ ജനങ്ങള്‍ തള്ളിക്കളയും.
ഹാരിസണ്‍ കമ്പനിയുടെ നിയമവിരുദ്ധമായ ഭൂമി കൈയേറ്റത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ വസ്തുതാപരമായി കോടതിയെ ബോധിപ്പിക്കാതെ ഈ കേസില്‍ സര്‍ക്കാര്‍ കമ്പനിക്കു വേണ്ടി തോറ്റുകൊടുക്കുകയായിരുന്നെന്നും ഭൂസമര മുന്നണി ആരോപിക്കുന്നു. സര്‍ക്കാര്‍ ഈ വിധിക്കെതിരേ പുനപ്പരിശോധനാ ഹരജി കൊടുക്കണമെന്നും ആവശ്യപ്പെട്ടു. ചെറുവള്ളി എസ്റ്റേറ്റിന് മുമ്പില്‍ ഭൂസമര മുന്നണി ആരംഭിച്ചിട്ടുള്ള അനിശ്ചിതകാല സത്യഗ്രഹ സമരത്തിന്റെ വാര്‍ഷികദിനമായ മെയ്് 10ന് കോടതി വിധിയില്‍ പ്രതിഷേധിച്ച് ചെറുവള്ളി എസ്റ്റേറ്റിലേക്ക് വിപുലമായ മാര്‍ച്ച് നടത്തുമെന്നും ചെയര്‍മാന്‍ കെ കെ എസ് ദാസ്, ജനറല്‍ ക ണ്‍വീനര്‍ അഡ്വ. പി ഒ ജോണ്‍ അറിയിച്ചു.
Next Story

RELATED STORIES

Share it