Flash News

ഹാദിയ കേസ് : കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വനിതാ നേതാക്കള്‍

ഹാദിയ കേസ് : കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വനിതാ നേതാക്കള്‍
X


കൊച്ചി: സുരക്ഷിതത്വം നല്‍കേണ്ട സര്‍ക്കാര്‍ അതിന്റെ മറവില്‍ ഡോ. ഹാദിയയെ അതിക്രൂരമായ പീഡനത്തിനിരയാക്കുന്നുവെന്ന് വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് പറഞ്ഞു. വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി കലൂര്‍ ഫ്രൈഡേ ക്ലബ് ഹാളില്‍ സംഘടിപ്പിച്ച ഹൈക്കോടതി വിധിയും ഹാദിയയുടെ മനുഷ്യാവകാശവും എന്ന വിഷയത്തില്‍ ടേബിള്‍ ടോക് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.  ഹാദിയ ഇന്ന് കൊടിയ മനുഷ്യാവകാശ ലംഘനം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഫോണ്‍ ചെയ്യാനും പത്രം വായിക്കാനും ഇഷ്ടമുള്ളവരെ കാണാനോ പോലും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിലാണ്. വീട്ടുതടങ്കലില്‍ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ ഹാദിയ നേരിടുമ്പോഴും സംസ്ഥാനത്തെ വനിതാ സംഘടനകള്‍ മൗനം പാലിക്കുന്നത് ഖേദകരമാണെന്നും അവര്‍ പറഞ്ഞു. ഹാദിയയോ കുടുംബമോ പരാതി നല്‍കിയാല്‍ മാത്രമേ വനിത കമ്മീഷന് ഇടപെടാന്‍ കഴിയൂവെന്നും വനിത കമ്മീഷന്‍ പറഞ്ഞതായും അവര്‍ പറഞ്ഞു. ഹാദിയയെ വീട്ടുതടങ്കലില്‍ തന്നെയിടണമെന്ന കോടതിവിധി നിയമലംഘനമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന വനിതാ വിങ് കണ്‍വീനര്‍ റാണി ആന്റോ ചൂണ്ടിക്കാട്ടി. ഏതു മതവിഭാഗത്തില്‍ പെട്ട സ്ത്രീയാണെങ്കിലും വീട്ടുതടങ്കലില്‍ അടയ്ക്കപ്പെടേണ്ടവരല്ല. ഹാദിയയ്ക്കു നീതി ലഭ്യമാവുന്നതിനു വേണ്ടി എല്ലാ സ്ത്രീകളും ഒരുമിക്കണം. സ്ത്രീ സംരക്ഷണം വാചകമടി മാത്രമാണെന്നും ജിഷ വധക്കേസ് അതിനൊരുദാഹരണമാണെന്നും അവര്‍ പറഞ്ഞു. മനുഷ്യരെല്ലാരും ഒന്നാണെന്നും എല്ലാവരുടെയും രക്തത്തിന് ഒരു നിറമാണെന്നും നീതിപീഠങ്ങള്‍ ഓര്‍ക്കണമെന്ന്  ആംആദ്മി സംസ്ഥാന കമ്മിറ്റിയംഗം സൂസന്‍ ജോര്‍ജ് പറഞ്ഞു. കേന്ദ്രത്തില്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനു ശേഷം നിരവധി മനുഷ്യാവകാശ ധ്വംസനങ്ങളാണ് നടക്കുന്നതെന്നു സാമൂഹികപ്രവര്‍ത്തക സുജാ ഭാരതി പറഞ്ഞു. കൃത്യമായിട്ടും ന്യൂനപക്ഷങ്ങള്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരെയാണ് കൂടുതലായി അടിച്ചമര്‍ത്തലുകളും അവകാശലംഘനങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം മതംമാറുകയും അതിനു ശേഷം വിവാഹം കഴിക്കുകയും ചെയ്ത പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് ഭരണഘടനാപരമായുള്ള അവകാശങ്ങളാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. ഹാദിയ വിഷയത്തില്‍ കോടതിവിധി കൃത്യമായിട്ടുള്ള മനുഷ്യാവകാശ ലംഘനമാണു നടത്തിയതെന്ന് സുജാ ഭാരതി പറഞ്ഞു. ഹാദിയ വിഷയം ഭരണഘടനാ ലംഘനമാണെന്നും ഇത്തരം വിഷയങ്ങള്‍ നിരവധി സമൂഹത്തില്‍ നടക്കുന്നുണ്ടെന്നും ബിഎസ്പി ജില്ലാ കമ്മിറ്റിയംഗം ദമയന്തി വിജയന്‍ പറഞ്ഞു. ഇന്ത്യയില്‍ ജുഡീഷ്യറി പോലും നീതി ലഭ്യമാക്കുന്നില്ലെന്നും മനുഷ്യാവകാശലംഘനമാണ് ഹാദിയ വിഷയത്തിലുണ്ടായതെന്നും എന്‍ഡബ്ല്യൂഎഫ് സംസ്ഥാന സെക്രട്ടറി ഷീബ സഗീര്‍ അഭിപ്രായപ്പെട്ടു. സമൂഹം വെറുതെ ഇരിക്കാതെ വളരെ കൃത്യമായ രീതിയില്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെടണമെന്ന് ക്യാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗം ഫാത്തിമ അഷ്‌റഫും ചൂണ്ടിക്കാട്ടി.  വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ഇര്‍ഷാന, സെക്രട്ടറി സുനിത, എന്‍ഡബ്ല്യൂഎഫ് ജില്ലാ പ്രസിഡന്റ് റെമീന, റെഹീമ സംസാരിച്ചു.
Next Story

RELATED STORIES

Share it