Articles

ഹാദിയാ, യഥാര്‍ഥത്തില്‍ നീയൊരു പ്രതീകമാണ്

വെട്ടും തിരുത്തും - പി എ എം ഹനീഫ്
'ക്രോസ്‌ബെല്‍റ്റ്' നാടകത്തിന്റെ മുഖ്യ പ്രിമൈസ് (നാടകകാര്യം) പിളര്‍ന്നുമാറിയ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചില അധോഗതികളാണ്. വലതിന് നടുവു തളര്‍ന്നു കിടന്നിടത്തൂന്ന് എഴുന്നേല്‍ക്കാന്‍ ആവതില്ല. ഇടതിനാവട്ടെ തലയ്ക്കു വെളിവില്ല. വിശപ്പ് ആയതിന്റെ പരമകാഷ്ഠയിലും. എത്രകിട്ടിയാലും വിശപ്പു തീരില്ല.  എന്‍ എന്‍ പിള്ള 60കളില്‍ എഴുതി വിജയകരമായി ആ സന്ദേശം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെ ബോധ്യപ്പെടുത്തി.
''സാറേ, ഞങ്ങളൊന്നിച്ചുനിന്നപ്പം തലസ്ഥാനത്ത് ഭരണകൂടങ്ങള്‍ ഞെട്ടിവിറച്ചു. ഞങ്ങളൊന്നാര്‍ത്തലറിവിളിച്ചാല്‍ അറബിക്കടല്‍ ഗര്‍ജിക്കും. തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ മണി നിലയ്ക്കും. പക്ഷേ, ഇന്നു ഞങ്ങള്‍ ഗതിയില്ലാത്തവരായി.'' പട്ടാളം ഭവാനി എന്ന ഇടതുപക്ഷത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രത്തിന്റെ ഡയലോഗാണിത്.
ഒന്നല്ല, ഒരായിരം ധീരവനിതകളുടെ ചരിത്രങ്ങള്‍ കേരളീയ നവോത്ഥാനവുമായി ബന്ധപ്പെട്ട് ഇതെഴുതുമ്പോള്‍ എന്റെ കണ്‍മുന്നിലൂടെ കടന്നുപോവുന്നു. മിനിഞ്ഞാന്ന് രാവിലെ 6.15ന് കൊച്ചി പാലാരിവട്ടത്ത് പ്രായാധിക്യവും രോഗങ്ങളും തല്ലിത്തകര്‍ത്ത് വിടപറഞ്ഞ ഓമനേച്ചിയും ആ നിരയില്‍ അവസാനത്തേതാണ്. ബിനോയ് വിശ്വം എന്ന കമ്മ്യൂണിസ്റ്റിന്റെ അമ്മ. ഒട്ടേറെ സഹനങ്ങള്‍ തിന്നുതീര്‍ത്ത കേരളത്തിലെ മറ്റൊരമ്മ.
കൂത്താട്ടുകുളം മേരിജോണ്‍ കവിതയിലൂടെ, കുന്നിക്കല്‍ മന്ദാകിനി എന്ന മാ തീവ്ര കമ്മ്യൂണിസ്റ്റ് പക്ഷങ്ങളിലൂടെ, കോണ്‍ഗ്രസ്സുകാരി നഫീസത്തുബീവി, കമ്മ്യൂണിസ്റ്റുകാരി കെ ഒ ഐഷാഭായി, നാടകത്തിനു വേണ്ടി സര്‍വവും ഉഴിഞ്ഞുവച്ച് ഇന്നും ജാഗ്രത്തായ നിലമ്പൂരിലെ ആയിഷ- ഇങ്ങനെ എണ്ണിയാല്‍ തീരാത്തത്ര ധീരവനിതകള്‍ കേരളത്തെ ഇരുട്ടില്‍ നിന്ന് മോചിപ്പിക്കാന്‍ ഒരുകാലത്തെ സധൈര്യം മുന്നോട്ടു നയിച്ചവരാണ്.
ഇപ്പോഴീ വനിതാ വിമോചനപ്രസ്ഥാനക്കാരെ ഓര്‍മിച്ചെടുക്കാന്‍ കാരണം ഹാദിയ എന്ന വൈക്കം സ്വദേശിനിയാണ്. വൈക്കം സത്യഗ്രഹമടക്കം കേരളത്തിന്റെ 'മുറിച്ചു മുന്നോട്ടുള്ള' കുതിപ്പിന് ഊര്‍ജം പകര്‍ന്നവര്‍, വിപ്ലവ മുന്നേറ്റങ്ങള്‍ക്ക് തീത്തൈലം പാര്‍ന്നവര്‍ വൈക്കം ദേശത്തിന്റെ അഭിമാനങ്ങളാണ്. ഒടുവിലത്തെ കണ്ണിയാണ് ഇവള്‍, ഹാദിയ.
ഇസ്‌ലാം സ്വീകരിച്ചു എന്ന ഒറ്റക്കാരണത്താല്‍ ഹാദിയ അനുഭവിച്ച കരള്‍ ചുട്ടുപറിക്കുന്ന വേദനകള്‍ ഇവിടെ എഴുതിയാല്‍ തീരില്ല. വിഷം നല്‍കി അര്‍ധപ്രാണനാക്കാന്‍ വരെ ഗൂഢാലോചന ഉണ്ടായി. മലമൂത്രവിസര്‍ജനത്തിന് സ്വാതന്ത്ര്യത്തോടെ കൊടുംകൊലയാളിക്കും സെന്‍ട്രല്‍ ജയിലില്‍ സൗകര്യമുണ്ട്. കോട്ടയം ജില്ലാ പോലിസ് ആസ്ഥാനത്തിനു കീഴിലെ ഉളുപ്പില്ലാത്ത പോലിസുകാര്‍ ഹാദിയ വിഷയത്തില്‍ കക്കൂസിനു മുന്നിലും തോക്കും പിടിച്ചുനിന്നു. ഹാദിയ പട്ടിണികിടന്നു. നിത്യം കുളിച്ച് വസ്ത്രം മാറാന്‍ അവള്‍ക്കായില്ല. എല്ലാം കോടതി തീരുമാനിക്കണം. അവള്‍ കരുണാവാരിധിയായ ആകാശത്തുള്ളവനോട് കണ്ണുകലങ്ങി പ്രാര്‍ഥിച്ചു: ''നാഥാ, എന്റെ പ്രാര്‍ഥന കേള്‍ക്കണേ...''
കേട്ടു. ചെയ്യരുതാത്ത തെറ്റ്, കോടതി കൂട്ടിലിട്ടടച്ച തെറ്റ് തിരുത്തി അവളെ ഭര്‍ത്താവിനൊപ്പം അയച്ചു. ഹാദിയ, അവളറിയാതെ ചുണ്ടുകള്‍ മൊഴിഞ്ഞു: ''നാഥന് സര്‍വ സ്തുതികളും.''
ആ കുട്ടിയുടെ ഹൃദയനന്മ എത്രയുണ്ടെന്ന് നോക്കൂ. കോടതിവിധി പുറത്തുവന്നയുടനെ ഭര്‍ത്താവിനൊപ്പം അവള്‍ കോഴിക്കോട്ട് പോപുലര്‍ ഫ്രണ്ട് സംഘടനയുടെ ആസ്ഥാനത്തു വന്നു. നേതാക്കളോട് ഗദ്ഗദത്തില്‍ ചാലിച്ച് നന്ദി പറഞ്ഞു. തന്നെ സ്വതന്ത്രയാക്കാന്‍ സര്‍വവും മറന്ന് തുണച്ച പ്രസ്ഥാനത്തിന്റെ സാരഥികളോട് സര്‍വോപരി സൈനബ ടീച്ചറോടടക്കം ഹാദിയ പറഞ്ഞു: ''ടീച്ചറേ, ഞാന്‍ മരിച്ചാലും നിങ്ങളെയൊന്നും മറക്കില്ല.''
പോപുലര്‍ ഫ്രണ്ട് പ്രസ്ഥാനം ഹാദിയ വിഷയം മുന്നോട്ടുവച്ചപ്പോള്‍ കേരളത്തിലെ മുസ്‌ലിം സമൂഹം അതേറ്റെടുത്തു. കാശും പിന്തുണയും നല്‍കി. ഇസ്‌ലാമിനും മുസ്‌ലിമിനും എന്നല്ല, ഒരു പ്രശ്‌നമുണ്ടായാല്‍ നട്ടെല്ലും തലച്ചോറും ചെലവഴിച്ച് പോരാടാന്‍ ഒരു സത്യപ്രസ്ഥാനമുണ്ടെന്ന് ഹാദിയക്കൊപ്പം കേരള ജനതയ്ക്ക്, വിശിഷ്യാ മുസ്‌ലിംകള്‍ക്ക് ബോധ്യമായി. ഒരു നവീന കവി എഴുതുന്നു:
''പേമാരിയിലെ ഹിമശുദ്ധിയായ്
തിരമാലകളിലെ പവിഴമായ്
സന്മാര്‍ഗപ്പെയ്ത്തില്‍
സ്‌നേഹാക്ഷയമായ്
വിശ്വാസപ്പൊയ്കയില്‍
പനിനീര്‍ത്തുള്ളിയായ്
നിശ്ചയദാര്‍ഢ്യമായി
വിളങ്ങുന്നു ഹാദിയ.''                           ി
Next Story

RELATED STORIES

Share it