ഹാക്കറുടെ വെല്ലുവിളി നരേന്ദ്രമോദിയോടും; ആധാറില്‍ ന്യായീകരണവുമായി ട്രായ്

ന്യൂഡല്‍ഹി: ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മയുടെ വിവരങ്ങള്‍ ചോര്‍ത്തിയ ഹാക്കര്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വെല്ലുവിളിച്ചു. ഹേയ് നരേന്ദ്രമോദി നിങ്ങളുടെ ആധാര്‍ നമ്പര്‍ പരസ്യമാക്കാന്‍ കഴിയുമോ? നിങ്ങള്‍ക്ക് അങ്ങനെയൊന്ന് ഉണ്ടെങ്കില്‍’ എന്നായിരുന്നു ഹാക്കറുടെ വെല്ലുവിളി. ട്വിറ്ററിലൂടെയായിരുന്നു ഹാക്കര്‍ നരേന്ദ്രമോദിയെ വെല്ലുവിളിച്ചത്. ആര്‍ എസ് ശര്‍മയുടെ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ട എലിയട്ട് ആല്‍ഡേഴ്‌സണ്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ തന്നെയാണ് മോദിയോടുള്ള വെല്ലുവിളിയും വന്നത്. ആധാര്‍ സുരക്ഷിതമാണെന്നും ആധാര്‍ നമ്പര്‍ പുറത്തുവന്നാല്‍ കുഴപ്പമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പ്രചരിപ്പിക്കുന്നതിനിടെയാണ് ട്രായ് തലവന്റെ തന്നെ സകല വിവരങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തിയത്.
അതേസമയം, ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാദങ്ങള്‍ ട്രായ് ചെയര്‍മാനും ആധാര്‍ അതോറിറ്റിയും നിഷേധിച്ചു. ശര്‍മയുടെ വിവരങ്ങള്‍ പുറത്തുവിട്ടത് ആധാറിന്റെ അടിസ്ഥാനത്തില്‍ അല്ലെന്നും  ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നുമാണ് ഇവരുടെ വാദം. വിവരങ്ങള്‍ സുരക്ഷിതമാണെന്നും ചിലര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും പത്രക്കുറിപ്പ് ഇറക്കിയാണ് ആധാര്‍ അതോറിറ്റി തടിയൂരിയിരിക്കുന്നത്.
ശര്‍മയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന തരത്തിലുള്ള കാര്യങ്ങള്‍ ജനങ്ങള്‍ വിശസിക്കില്ലെന്നും  അതോറിറ്റി പറയുന്നു. വിവരങ്ങള്‍ ചോര്‍ത്തിയെന്ന കാര്യം ശര്‍മയും നിഷേധിച്ചു. തന്റെ ജനന തിയ്യതി അടക്കമുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചതാണെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം, രാജ്യത്തിന്റെ ഭരണ മേഖലയില്‍ ഇരിക്കുന്ന ഉന്നതര്‍ക്കു പോലും ആധാറിക്കുറിച്ച് ഒരു വിവരവുമില്ലെന്നതാണ് ഇതു തെളിയിക്കുന്നതെന്നാണു വിമര്‍ശനം.
Next Story

RELATED STORIES

Share it