Flash News

ഹലബിലെ ട്വിറ്റര്‍ ബാലികയ്ക്ക് തുര്‍ക്കി പൗരത്വം നല്‍കി



ആങ്കറ: സിറിയന്‍ സൈന്യത്തിന്റെ ക്രൂരത ലോകത്തെ അറിയിച്ച ഹലബിലെ 'ട്വിറ്റര്‍ ഗേളിന്' പൗരത്വം നല്‍കി തുര്‍ക്കി. കഴിഞ്ഞ ദിവസമാണ് ഉപരോധിത നഗരമായിരുന്ന ഹലബിലെ ദുരിതം മാലോകരെ ട്വിറ്ററിലൂടെ അറിയിച്ച് പ്രശസ്തയായ ബാനാ അല്‍ആബിദിനും കുടുംബാംഗങ്ങള്‍ക്കും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തുര്‍ക്കി പൗരത്വരേഖ നല്‍കിയത്. ആങ്കറയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ ബാനായുടെ പിതാവും ഇളയ സഹോദരനും ഏതാനും തുര്‍ക്കി ഉദ്യോഗസ്ഥരും പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സിറിയന്‍ സൈന്യത്തിന്റെ ഉപരോധത്തിലായിരുന്ന വിമത നിയന്ത്രണമേഖലയായ ഹലബില്‍നിന്ന് ബാനായെയും കുടുംബത്തെയും രക്ഷാപ്രവര്‍ത്തകര്‍ തുര്‍ക്കിയിലെത്തിച്ചത്. റഷ്യയുടെയും തുര്‍ക്കിയുടെയും മേല്‍നോട്ടത്തില്‍ ഉണ്ടാക്കിയ ധാരണപ്രകാരമാണ് സിവിലിയന്‍മാരോടൊപ്പം ഇവരേയും ഹലബ് നഗരത്തിനു പുറത്തെത്തിച്ചത്. സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നുമുള്ള 30 ലക്ഷത്തിലേറെ അഭയാര്‍ഥികളെ സ്വീകരിച്ച തുര്‍ക്കിയിലാണ് ഇപ്പോള്‍ കുടുംബത്തോടൊപ്പം ബാനാ കഴിയുന്നത്. ഇംഗ്ലീഷ് പരിജ്ഞാനമുള്ള മാതാവ് ഫാതിമയുടെ സഹായത്തോടെയാണ് ബാനാ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചത്. സിറിയയിലെ യുദ്ധഭീതി പ്രകടമാക്കുന്ന നിരവധി ചിത്രങ്ങള്‍ ഈ കൊച്ചുബാലികയുടെ ട്വിറ്ററിലൂടെ ലോകം കണ്ടു. തന്റെ ജീവിതം വിവരിക്കുന്ന പുസ്തകവും ഏഴ് വയസ്സുകാരി എഴുതിയിട്ടുണ്ട്.
Next Story

RELATED STORIES

Share it