ഹര്‍ത്താല്‍: നിരപരാധിയെ പോലിസ് മര്‍ദിച്ചതായി പരാതി

മഞ്ചേരി: സാമൂഹിക മാധ്യങ്ങളില്‍ കൂടി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ നിരപരാധികളെ പോലിസ് കള്ളക്കേസില്‍ കുടുക്കുന്നു എന്ന ആരോപണത്തിനു തെളിവുകളേറുന്നു. ഹര്‍ത്താല്‍ ദിനം വീട്ടിലിരുന്ന 19കാരനെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പിടികൂടി പോലിസ് മര്‍ദിച്ചെന്ന പരാതിയുമായി യുവാവും പിതാവും രംഗത്തെത്തി. ഹര്‍ത്താല്‍ നടന്ന 16ന് അരീക്കോട് പൂവത്തിക്കല്‍ തെഞ്ചേരി വെള്ളവശ്ശേരി അബ്ദുല്ലയുടെ മകന്‍ ജിംഷാദിനാണ് പോലിസിന്റെ പീഡനം ഏല്‍ക്കേണ്ടി വന്നത്.
മഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഇലക്‌ട്രോണിക്‌സ് ഡിപ്ലോമാ വിദ്യാര്‍ഥിയാണ് ജിംഷാദ്. ഹര്‍ത്താല്‍ ദിവസം രാവിലെ മുതല്‍ വീട്ടിലെ കാലിത്തൊഴുത്ത് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു മകനെന്ന് പിതാവ് അബ്ദുല്ല പറഞ്ഞു. പരീക്ഷാ ഹാള്‍ ടിക്കറ്റില്‍ ഫോട്ടോ പതിക്കാനായി വൈകീട്ട് 4.30ന് വീട്ടില്‍ നിന്നും പാലോത്ത് ജങ്ഷനില്‍ എത്തിയപ്പോള്‍ പോലിസ് മര്‍ദിക്കുകയും ജീപ്പില്‍ കൊണ്ടുപോവുകയുമായിരുന്നു എന്നാണ് പരാതി. വാഹനത്തിനകത്തുനിന്നും പോലിസ് ക്രൂരമായി മര്‍ദിച്ചെന്ന് ജിംഷാദ് പറയുന്നു.
എസ്‌ഐ സിനോദിന്റെ നേതൃത്വത്തില്‍ ഏഴു പേരെയാണ് സംഭവദിവസം പിടികൂടിയത്.  ഇതില്‍ ഒരാളെ സ്റ്റേഷനില്‍ നിന്നു തന്നെ വിട്ടയച്ചതായി ജിംഷാദും പിതാവ് അബ്ദുല്ലയും പറഞ്ഞു. മറ്റ് ആറു പേരെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ 23നാണ് ജിംഷാദ് ജാമ്യത്തിലിറങ്ങിയത്. പോലിസ് മര്‍ദനത്തിന്റെ പാട് ഇപ്പോഴും ശരീരത്തില്‍ ഉണ്ട്. വാരിയെല്ലിന് പരിക്കേറ്റതിനാല്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. കൈകള്‍ ഉയര്‍ത്താനും കഴിയുന്നില്ല. യാത്ര ചെയ്യാനാവാതെ വന്നതോടെ പഠനം നിര്‍ത്തിയെന്നും വിദ്യാര്‍ഥി പറഞ്ഞു.       ഹര്‍ത്താലുമായി ഒരു ബന്ധവുമില്ലാത്ത മകനെ മര്‍ദിച്ചതിനെതിരേ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുകയാണ് അബ്ദുല്ല. ശരീരത്തിനേറ്റ ക്ഷതം ഭേദമാവാന്‍ മാസങ്ങളെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Next Story

RELATED STORIES

Share it