ഹര്‍ത്താല്‍ ദിനത്തിലും വന്‍ ജനപങ്കാളിത്തംപ്രതിഷേധസമരം ശക്തിയാര്‍ജിക്കുന്നു

കൊച്ചി: ജലന്ധര്‍ ബിഷപ് മാര്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും മറ്റു സംഘടനകളും ഹൈക്കോടതി ജങ്ഷനില്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തിയാര്‍ജിച്ച് ജനകീയമാവുന്നു. സമരം തുടങ്ങിവച്ച ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്തുള്ള ജനപങ്കാളിത്തമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമരത്തിനുണ്ടായത്. ഹര്‍ത്താല്‍മൂലം കുറവിലങ്ങാട് മഠത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ക്ക് ഇന്നലെ സമരവേദിയിലെത്താന്‍ കഴിഞ്ഞില്ല. എങ്കിലും ഇന്ന് സമരപ്പന്തലില്‍ അഞ്ച് കന്യാസ്ത്രീകളും എത്തുമെന്നാണു വിവരം. എറണാകുളം റാണി മാതാ കോണ്‍വെന്റിലെ സിസ്റ്റര്‍ ടീന ജോസ് സമരത്തിനു പിന്തുണയുമായി വേദിയിലെത്തി. സമരത്തെ ചെറിയതോതില്‍പ്പോലും ഹര്‍ത്താല്‍ ബാധിച്ചില്ല. വന്‍ ജനപങ്കാളിത്തം സമരവേദിയിലുണ്ടായി. ജാതിമതഭേദമെന്യേ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഇന്നലെയും സമരത്തിനു അഭിവാദ്യമര്‍പ്പിച്ച് വഞ്ചി സ്‌ക്വയറിലെത്തിയിരുന്നു. ആം ആദ്്മി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്്ഠന്‍, എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ അരുണ്‍, ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡന്റും മുന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായ ടി ആസിഫലി, അഡ്വ. ശിവന്‍മഠത്തില്‍ അടക്കം നിരവധി പ്രമുഖരാണ് ഇന്നലെ സമരപ്പന്തലിലെത്തിയത്. പാലക്കാട് മണ്ണാര്‍ക്കാട് ഷെറില്‍ പോള്‍ കുടുംബത്തിനൊപ്പമെത്തി ഐക്യദാര്‍ഢ്യം അറിയിച്ചു. സമരത്തിനു പിന്തുണയുമായി എസ്ഡിപിഐ, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് നേതാക്കളും സമരപ്പന്തലിലെത്തി. സുള്‍ഫിക്കര്‍ അലി, സുധീര്‍ ഏലൂക്കര, ഫൈസല്‍ താന്നിപ്പാടം, അജ്മല്‍ കെ മുജീബ്, കെ കെ റൈഹാനത്ത്, ഇര്‍ഷാന ഷനോജ് എന്നിവരാണ് സമരവേദിയില്‍ എത്തി പിന്തുണ അറിയിച്ചത്. സമരം കൂടുതല്‍ ശക്തമായതോടെ സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ കീഴിലാണ് ഇപ്പോള്‍ സമരം പുരോഗമിക്കുന്നത്. 101 പേര്‍ അടങ്ങുന്ന കര്‍മസമിതിയാണ് പരിപാടികള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സമരത്തിന്റെ ഭാഗമായി എത്തിയിരുന്ന വൈദികര്‍ ഇന്നലെയും സമരപ്പന്തലിലെത്തി. അതിനിടെ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്നുദിവസമായി നിരാഹാരമനുഷ്ഠിച്ചിരുന്ന ജോണ്‍ ജോസഫിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പോലിസെത്തി ആശുപത്രിയിലേക്കു മാറ്റി. തുടര്‍ന്ന് സ്റ്റീഫന്‍ മാത്യു നിരാഹാരസമരം ഏറ്റെടുത്തു. അതേസമയം, ഫ്രാങ്കോ മുളയ്ക്കലിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍(കെസിബിസി)ന്റെ ആസ്ഥാനമായ പാലാരിവട്ടത്തെ പിഒസിയിലേക്ക് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളുടെ കൂട്ടായ്മയായ ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി(എഎംടി)യുടെ നേതൃത്വത്തില്‍ കരിങ്കൊടിപ്രകടനം നടത്തി. പാലാരിവട്ടം ജങ്്ഷനില്‍ നിന്നു കരിങ്കൊടിയും പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു പിഒസിയിലേക്ക് എഎംടി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. എഎംടി കണ്‍വീനര്‍ ഷൈജു ആന്റണി പ്രകടനം ഉദ്ഘാടനം ചെയ്തു. ഇന്നുവരെ സിറോ മലബാര്‍ സഭയോ ലത്തീന്‍ കത്തോലിക്കാ സഭയോ മലങ്കര സഭയോ വിഷയത്തില്‍ വാ തുറക്കാന്‍ തയ്യാറായിട്ടില്ല. ബിഷപ്പുമാര്‍ മൗനം വെടിയണം. അതല്ലെങ്കില്‍ ഹൈക്കോടതി ജങ്ഷനില്‍ നടക്കുന്നതുപോലെ പിഒസിയുടെ മുന്നിലും സമരപ്പന്തല്‍ ഉയരുമെന്ന് ഷൈജു ആന്റണി പറഞ്ഞു.

Next Story

RELATED STORIES

Share it