kozhikode local

ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം; ജനജീവിതം സ്തംഭിച്ചു

കോഴിക്കോട്: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദും എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലും ജില്ലയില്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു. സ്വകാര്യ ബസ്സുകളും കെഎസ്ആര്‍ടിസി ബസ്സുകളും നിരത്തിലിറങ്ങിയില്ല. ഓട്ടോറിക്ഷകള്‍ അടക്കമുള്ള വാഹനങ്ങള്‍ ഹര്‍ത്താലിനെ അനുകൂലിച്ചതോടെ റോഡു മാര്‍ഗമുള്ള പൊതുഗതാഗതം നിലച്ചു. ട്രെയിന്‍ സര്‍വീസ് ഉണ്ടായിരുന്നെങ്കിലും ട്രെയിനിറങ്ങി വരുന്ന യാത്രക്കാര്‍ക്ക് വാഹന ഗതാഗതം നിലച്ചതിനാല്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല. ഹോട്ടലുകള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു. രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താല്‍ വൈകീട്ട് ആറിന് സമാപിച്ചു. ഹര്‍ത്താലിന്റെ ഭാഗമായി എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. എല്‍ഡിഎഫ് നടത്തിയ പ്രകടനം മുതലക്കുളത്തു നിന്ന് ആരംഭിച്ച് എല്‍ഐസി കോര്‍ണറില്‍ സമാപിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം സി പി മുസാഫര്‍ അഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. പി ടി എ ആസാദ് അധ്യക്ഷത വഹിച്ചു. കെ ലോഹ്യ, പി ടി ഹമീദ്, പി സി സതീശന്‍, പി കിഷന്‍ചന്ദ്, സതീഷ് ബാബു, പി വി നവീന്ദ്രന്‍ സംസാരിച്ചു. യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച പ്രകടനം ബാങ്ക് റോഡില്‍ സമാപിച്ചു. സമാപന യോഗത്തില്‍ ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്, എം ഐ ഷാനവാസ് എംപി, എം കെ രാഘവന്‍ എംപി, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത്, കെപിസിസി സെക്രട്ടറി അഡ്വ. കെ പ്രവീണ്‍കുമാര്‍, മുന്‍ ഡിസിസി പ്രസിഡന്റ് കെ സി അബു, മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ മൊയ്തീന്‍കോയ, കെപിസിസി നിര്‍വാഹകസമിതി അംഗങ്ങളായ കെ വി സുബ്രന്മണ്യന്‍, കെ പി ബാബു, അഡ്വ. പി എം നിയാസ്, ഡിസിസി ഭാരവാഹികളായ ഇ വി ഉസ്മാന്‍കോയ, ബേപ്പൂര്‍ രാധാകൃഷ്ണന്‍, നിജേഷ് അരവിന്ദ്, കെ ടി ജയലക്ഷ്മി, എസ് കെ അബൂബക്കര്‍, മുസ്‌ലിംലീഗ് നേതാക്കളായ അഡ്വ. അന്‍വര്‍, ആഷിക് ചെലവൂര്‍ സംസാരിച്ചു. ഇരു മുന്നണികളുടെയും ആഭിമുഖ്യത്തില്‍ ഏരിയാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടന്നു. ഹര്‍ത്താല്‍ ജില്ലയിലെ കലക്ടറേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം നിലച്ചു. ബസ്സ്റ്റാന്റുകള്‍ വിജനമായിരുന്നു. നഗരത്തില്‍ തുറന്നു പ്രവര്‍ത്തനം നടത്തിയ ബാങ്കുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. ജില്ലയില്‍ എവിടെയും അക്രമ സംഭവങ്ങളൊന്നും റിപോര്‍ട്ടു ചെയ്്തട്ടില്ല. ഹര്‍ത്താല്‍ പൊതുവേ സമാധാനപരമായിരുന്നു.പാലേരി: പേരാമ്പ്ര, കടിയങ്ങാട്, പാലേരി, പാറക്കടവ്, പന്തിരിക്കര, എന്നിവടങ്ങളില്‍ കടകള്‍ തുറന്നില്ല. സ്വകാര്യ വാഹനങ്ങള്‍ ഒഴിച്ച് വേറെയൊന്നും റോഡിലിറങ്ങിയില്ല. സിപിഎം ഹര്‍ത്താല്‍ ദിവസം കുടുംബങ്ങളുടെ സര്‍വേ നടത്തുകയുണ്ടായി. എല്ലാ പ്രദേശങ്ങളിലെയും കുടുംബങ്ങളുടെ വ്യക്തിഗത വിവരങ്ങളാണ് പാര്‍ട്ടിക്ക് വേണ്ടി ശേഖരിച്ചത്. കുടുംബ നാഥന്റെ പേര്, അംഗങ്ങള്‍, വിദ്യാഭ്യാസം, രാഷ്ട്രീയ ബന്ധം, ജോലി, വരുമാന മാര്‍ഗം തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്.കൊയിലാണ്ടി: ഹര്‍ത്താലിനെ തുടര്‍ന്ന് കൊല്ലം കൊയിലാണ്ടി ടൗണുകള്‍ വിജനം. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. അപൂര്‍വമായി മാത്രം ഇരുചക്രവാഹനങ്ങള്‍ നിരത്തിലിറങ്ങി.

Next Story

RELATED STORIES

Share it