ഹര്‍ത്താലിന്റെ പേരിലുള്ള വേട്ട അനീതി: സാമൂഹിക പ്രവര്‍ത്തകര്‍

കോഴിക്കോട്: കഠ്‌വയില്‍ ബാലികയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നതില്‍ പ്രതിഷേധിച്ച് 16നു നടന്ന ഹര്‍ത്താലിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് യുവാക്കള്‍ക്കെതിരേ കേസെടുത്തതിനെതിരേ സാംസ്‌കാരിക-സാമൂഹിക മേഖകളിലെ പ്രമുഖര്‍ പ്രതിഷേധിച്ചു. ഹര്‍ത്താലിന്റെ പേരില്‍ ആയിരത്തോളം പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
നിരവധി യുവാക്കളെ ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സംഘപരിവാരത്തിനെതിരേ വിവിധ സംഘടനാ പ്രവര്‍ത്തകരും അല്ലാത്തവരുമായ യുവാക്കള്‍ പ്രാദേശികമായി ഒത്തുചേര്‍ന്നു നടത്തിയ പ്രതിഷേധങ്ങളെ സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചാര്‍ത്തി വേട്ടയാടുന്ന കേരളത്തിലെ ഭരണകൂടത്തിന്റെയും പോലിസിന്റെയും ശ്രമങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഹര്‍ത്താലിന്റെ പേരില്‍ കൈക്കൊള്ളാവുന്ന സ്വാഭാവിക നിയമനടപടിക്രമങ്ങള്‍ മനസ്സിലാക്കാനാകും. എന്നാല്‍, സാമുദായിക ധ്രുവീകരണവും വര്‍ഗീയ കലാപവും ആരോപിച്ച് ഹര്‍ത്താല്‍ അനുകൂലികളെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം വേട്ടയാടുന്നത് തികഞ്ഞ വിവേചനവും അനീതിയുമാണ്. കഠ്‌വ വിഷയത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ ഹിന്ദു സമൂഹത്തിനെതിരിലുള്ളതാണെന്ന സംഘപരിവാര ആഖ്യാനങ്ങള്‍ സിപിഎം അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏറ്റുപിടിക്കുന്നത് അപലപനീയമാണ്.
അന്യായമായി അറസ്റ്റ് ചെയ്ത മുഴുവന്‍ പേരെയും ഉടനെ വിട്ടയക്കണം. പോലിസും ഭരണകൂടവും കാര്യങ്ങളെ വസ്തുനിഷ്ഠമായി സമീപിക്കണമെന്നും പൗരാവകാശലംഘന നടപടികളില്‍ നിന്ന് ഭരണകൂടം പിന്മാറണമെന്നും ബി ആര്‍ പി ഭാസ്‌കര്‍, ഡോ. ടി ടി ശ്രീകുമാര്‍, ഒ അബ്ദുര്‍റഹ്മാന്‍, സി പി ജോണ്‍, ഡോ. എ കെ രാമകൃഷ്ണന്‍, ഡോ. ബി രാജീവന്‍, ജെ ദേവിക, സി കെ അബ്ദുല്‍ അസീസ്, കെ അംബുജാക്ഷന്‍, സി ആര്‍ നീലകണ്ഠന്‍, ശെയ്ഖ് മുഹമ്മദ് കാരക്കുന്ന്, കെ പി ശശി, ബി എസ് ഷെറിന്‍, കെ കെ ബാബുരാജ്, ഗ്രോ വാസു, ജെനി റൊവീന, പി ബാബുരാജ്, ഹമീദ് വാണിയമ്പലം, ബിനു മാത്യു, പ്രഫ. എം ടി അന്‍സാരി, സലീന പ്രക്കാനം, രേഖ രാജ്, എന്‍ പി ചെക്കുട്ടി, ഗീതാനന്ദന്‍, സുദേഷ് എം രഘു, പ്രഫ. ഹാനി ബാബു, ശ്രീജ നെയ്യാറ്റിന്‍കര, ഡോ. നാരായണന്‍ എം ശങ്കരന്‍, അനൂപ് വി ആര്‍, അഡ്വ. കെ കെ പ്രീത, ഡോ. വര്‍ഷ ബഷീര്‍, എ എസ് അജിത് കുമാര്‍, എസ് ഇര്‍ഷാദ്, രൂപേഷ് കുമാര്‍, അഫീദ അഹ്മദ്, എം ജോസഫ് ജോണ്‍, പി എം സാലിഹ്, ഗോപാല്‍ മേനോന്‍, നിഖില ഹെന്റി, സി ടി സുഹൈബ്, എം ജിഷ, അഭിലാഷ് പടച്ചേരി തുടങ്ങിയവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it