malappuram local

ഹരിതചട്ടം പാലിച്ചാവട്ടെ ഇഫ്താര്‍ മീറ്റുകള്‍

മലപ്പുറം: ഇത്തവണത്തെ ഇഫ്താര്‍ സംഗമങ്ങള്‍ പ്രകൃതി സൗഹൃദമാക്കാന്‍ ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന മതസംഘടനാ നേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇഫ്താര്‍ സംഗമങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കിയ മുഴുവന്‍ സംഘടനകളെയും കലക്ടര്‍ അഭിനന്ദിച്ചു.
ഇത്തവണ താഴെതലം വരെയുള്ള സംഗമങ്ങള്‍ വരെ 100 ശതമാനം ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കലാണ് ലക്ഷ്യം. ഇതിനായി ഓരോ സംഘടനകളും പരസ്പരം മല്‍സരിക്കണമെന്നും കലക്ടര്‍ പറഞ്ഞു. മതസംഘടനകള്‍ നടത്തുന്ന ഓഡിറ്റോറിയങ്ങളിലെ വിവാഹ ചടങ്ങുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ഉറപ്പുവരുത്താനും മദ്‌റസകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാഠ്യവിഷയമാക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. ഓരോ പള്ളിയിലും ഭക്ഷണ വിതരണത്തിന് സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസ്സുകളും വാങ്ങിക്കണം. അഭ്യുദയകാംക്ഷിയുടെ സഹായവും തേടാം. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെക്കീന പുല്‍പ്പാടന്‍, സെക്രട്ടറി പ്രീതിമേനോന്‍, ജില്ലാ ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Next Story

RELATED STORIES

Share it