wayanad local

ഹരിതകര്‍മസേനാ പ്രവര്‍ത്തനങ്ങള്‍ ജനുവരി 26 മുതല്‍

കല്‍പ്പറ്റ: ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവ ചേര്‍ന്നു നടപ്പാക്കുന്ന ഹരിത കര്‍മസേനാ പ്രവര്‍ത്തനങ്ങള്‍ക്ക് ജനുവരി 26ന് റിപബ്ലിക് ദിനത്തില്‍ തുടക്കമാവുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാലിന്യ സംസ്‌കരണം, അതിന്റെ ഉപാധികള്‍ സ്ഥാപിക്കല്‍, പരിചരിക്കല്‍, തകരാറുകള്‍ പരഹരിക്കല്‍, അജൈവ വസ്തുക്കളുടെ ശേഖരണവും സംഭരണവും എന്നിവയെല്ലാം കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹരിതകര്‍മസേന നടപ്പാക്കും. ഒരു വാര്‍ഡില്‍ രണ്ടുപേര്‍ വീതമുള്ള സേനാംഗങ്ങളെയാണ് നിയമിക്കുക. പൂര്‍ണമായി ഒരു സംരംഭമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. വീടുകളില്‍ നിന്നു പ്രത്യേക യൂസര്‍ ഫീസോടെയാണ് അജൈവ വസ്തുക്കള്‍ ശേഖരിക്കുക. ശേഖരിച്ച വസ്തുക്കള്‍ തദ്ദേശസ്ഥാപനത്തിന് കീഴിലുള്ള മെറ്റീരിയില്‍ കലക്ഷന്‍ സെന്ററിലേക്ക് എത്തിക്കും. അവിടെ നിന്നു ബ്ലോക്ക് തലത്തില്‍ ക്ലീന്‍ കേരള കമ്പനിയുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുന്ന റിസോഴ്‌സ് റിക്കവറി ഫെസിലിറ്റിയിലേക്ക് കൊണ്ടുവരും. അവിടെനിന്നു പുനചംക്രമണം നടത്താവുന്നവയും അല്ലാത്തവയും വേര്‍തിരിച്ച് സംസ്‌കരിക്കും. ഹരിതകര്‍മസേനാ സംരംഭകരായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 30നകം സിഡിഎസുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന യോഗ്യതാ പരിശോധനയ്ക്ക് ശേഷമായിരിക്കും സേനാംഗങ്ങളെ തിരഞ്ഞെടുക്കുക. കുടുംബശ്രീ സൂക്ഷ്മ സംരംഭമായി പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മസേനാംഗത്തിനാവശ്യമായ സംരംഭകത്വ പരിശീലനം കുടുംബശ്രീ ജില്ലാ മിഷന്‍ നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി, ഹരിതകേരളം മിഷന്‍ കോ-ഓഡിനേറ്റര്‍ ബി കെ സുധീര്‍കിഷന്‍, കുടുംബശ്രീ ജില്ലാ കോ-ഓഡിനേറ്റര്‍ പി സാജിത, ശുചിത്വമിഷന്‍ കോ-ഓഡിനേറ്റര്‍ ജസ്റ്റിന്‍, എം പി രജേന്ദ്രന്‍, എ കെ രാജേഷ്, കെ എ ഹാരിസ്, കെ അനൂപ്, എസ് ഷീന  വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it