ഹയര്‍ സെക്കന്‍ഡറി പ്രവേശനം: അപേക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള അപേക്ഷ ബുധനാഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങും. ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 18 വരെ സ്വീകരിക്കും.
കഴിഞ്ഞ വര്‍ഷത്തെ പ്രവേശനത്തിനുണ്ടായിരുന്ന പ്രോസ്‌പെക്ടസ് തന്നെയാണ് ഇത്തവണയും ബാധകമാക്കുക. മുഖ്യ അലോട്ട്‌മെന്റുകള്‍ രണ്ടെണ്ണം മാത്രമായിരിക്കും. ഒന്നാം അലോട്ട്‌മെന്റ് ജൂണ്‍ ഒന്നിനും രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 11നും നടക്കും. ട്രയല്‍ അലോട്ട്‌മെന്റ് മേയ് 25നും നടക്കും. ജൂണ്‍ 13ന് ക്ലാസ് തുടങ്ങാനാണ് തീരുമാനം.
ഹൈക്കോടതി, ബാലാവകാശ കമ്മീഷന്‍, ന്യൂനപക്ഷ കമ്മീഷന്‍ എന്നിവയുടെ വിധികളുടെ അടിസ്ഥാനത്തില്‍ പ്രവേശന നടപടികളില്‍ ഭേദഗതി വരുത്താന്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പ് സര്‍ക്കാരിന്റെ അനുമതി തേടിയെങ്കിലും തീരുമാനമുണ്ടായില്ല.
അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും എയ്ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി സീറ്റുകളിലും ഏകജാലകം ബാധകമാക്കുന്നതായിരുന്നു പ്രധാന ഭേദഗതി. 10ാം ക്ലാസ് പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് പ്ലസ് വണ്‍ പ്രവേശത്തിന് മുന്‍ഗണന കിട്ടുന്നത് ഒഴിവാക്കാനുള്ള നിര്‍ദേശവുമുണ്ടായിരുന്നു.
കേന്ദ്ര സിലബസുകളില്‍ 10ാം ക്ലാസ് പരീക്ഷാഫലം എന്നു വരുമെന്ന് വ്യക്തമല്ല. അപേക്ഷ സ്വീകരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സംസ്ഥാന ഐടി മിഷന്റെ സഹകരണത്തോടെ വിപുലമായ ക്രമീകരണങ്ങളാണ് ഹയര്‍ സെക്കന്‍ഡറി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വലിയ ശേഷിയുള്ള നാല് ക്ലൗഡ് സെര്‍വറുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it