Flash News

ഹയര്‍സെക്കന്‍ഡറി അധ്യാപക തസ്തിക നിര്‍ണയം :റാങ്ക് ഹോള്‍ഡര്‍മാരും അധ്യാപകരും പ്രക്ഷോഭത്തിലേക്ക്



തിരുവനന്തപുരം: 2014-15, 2015-16 വര്‍ഷങ്ങളില്‍ പുതുതായി അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അധ്യാപക തസ്തിക ഉടന്‍ സൃഷ്ടിച്ച് നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹയര്‍ സെക്കന്‍ഡറി റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളും നിലവില്‍ ഗസ്റ്റ് അധ്യാപകരായി ജോലി ചെയ്യുന്നവരും ശക്തമായ സമരപരിപാടികള്‍ക്ക് ഒരുങ്ങുന്നു. പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസമരമിരിക്കും. ഭാരവാഹികളായ സി കെ ബാബു, എം അബൂബക്കര്‍ സിദ്ദീഖ്, കെ ബാബു എന്നിവരാണ് നിരാഹാരമിരിക്കുന്നത്. 25നകം വിഷയം പരിഹരിച്ചില്ലെങ്കില്‍ മറ്റ് ഉദ്യോഗാര്‍ഥികള്‍ കുടുംബസമേതം മരണം വരെ നിരാഹാരമിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇന്നു രാവിലെ 10ന് സി ദിവാകരന്‍ എംഎല്‍എ സമരം ഉദ്ഘാടനം ചെയ്യും.റാങ്ക് ലിസ്റ്റിന്റെ കാലാവധി ജൂണ്‍ 30ന് കഴിയുകയാണ്. ഇതിനു മുമ്പ് നിയമനം നടത്തിയില്ലെങ്കില്‍ ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടമാവും. റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചവരില്‍ ബഹുഭൂരിഭാഗത്തിനും പ്രായപരിധി കഴിഞ്ഞതിനാല്‍ ഇനിയൊരു പിഎസ്‌സി പരീക്ഷ എഴുതാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ തങ്ങളുടെ അവസാന പ്രതീക്ഷയാണ് നിയമനമെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞാല്‍ മറ്റൊരു വിജ്ഞാപനമിറക്കി പരീക്ഷ നടത്തി ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കുറഞ്ഞത് അഞ്ചുവര്‍ഷം കഴിയും. നേരത്തേ 4000 അധ്യാപക തസ്തിക സൃഷ്ടിക്കുമെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ 2500 അധ്യാപക തസ്തിക സൃഷ്ടിക്കുമെന്നാണ് പറയുന്നത്. റിട്ടയര്‍മെന്റ് ഒഴിവുകള്‍ പ്രതീക്ഷിത ഒഴിവുകളായി കണക്കാക്കി പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യാത്തതും ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാവുകയാണ്. സര്‍ക്കാര്‍ അപ്രഖ്യാപിത നിയമന നിരോധനമാണ് ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ നടപ്പാക്കുന്നതെന്നും ഉദ്യോഗാര്‍ഥികള്‍ കുറ്റപ്പെടുത്തി. പലരും വിതുമ്പിക്കൊണ്ടാണ് തങ്ങളുടെ ദുരവസ്ഥ മാധ്യമപ്രവര്‍ത്തകരോട് വിവരിച്ചത്. പല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും സ്ഥിരം അധ്യാപകരില്ലാത്ത സ്ഥിതിയാണ്. ഇത് വിദ്യാര്‍ഥികളുടെ പഠനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കെ ബാബു, സജു ജോയി, വി വി മായ, സൗദാബീവി പങ്കെടുത്തു. 3500ഓളം പുതിയ ഹയര്‍ സെക്കന്‍ഡറി അധ്യാപക-അനധ്യാപക തസ്തികയിലേക്ക് ഉടന്‍ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് കേരള നോണ്‍ അപ്രൂവ്ഡ് എച്ച്എസ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ കഴിഞ്ഞ രണ്ടും മൂന്നും വര്‍ഷമായി ഗസ്റ്റായി ജോലി ചെയ്യുന്ന 3500ഓളം അധ്യാപകര്‍ക്ക് ഇതുവരെ വേതനം ലഭിച്ചിട്ടില്ല. വേതനം നല്‍കുമെന്നും അതിനായി ഉത്തരവ് ഇറങ്ങിയിട്ടുണ്ടെന്നും പറയുന്നുണ്ടെങ്കിലും ശമ്പളം ലഭിച്ചിട്ടില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. ഇനിയും നിയമനം ലഭിക്കാതെ തുടര്‍ന്നുപോവാന്‍ കഴിയില്ലെന്നും ഇവര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ കെ എസ് സുനിമോന്‍, ഇര്‍ഷാദ് പനോളി, എസ് എസ് അഭിലാഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it