'ഹഡില്‍ കേരള' ഏപ്രില്‍ 6 മുതല്‍ തലസ്ഥാനത്ത്

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് സമ്മേളനത്തിന് തലസ്ഥാനം വേദിയാകുന്നു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ നേതൃത്വം നല്‍കുന്ന “ഹഡില്‍ കേരള’ സ്റ്റാര്‍ട്ടപ് സമ്മേളനം ഏപ്രില്‍ 6, 7 തിയ്യതികളില്‍ കോവളം ലീല ബീച്ച് റിസോര്‍ട്ടില്‍ നടക്കും. സ്റ്റാര്‍ട്ടപ് സംരംഭകര്‍ക്ക് സ്വന്തം ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും (പിച്ചിങ്) മുന്‍നിര സാങ്കേതിക വിപണി പ്രമുഖരുമായി ആശയവിനിമയത്തിനും നിക്ഷേപം ആകര്‍ഷിക്കാനുമുള്ള അവസരമാണ് ഹഡില്‍ കേരള.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐഎഎംഎഐ), ഐഎഎംഎഐ സ്റ്റാര്‍ട്ടപ് ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍. ഷാര്‍ജ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ഉന്നത സമിതി ചെയര്‍മാന്‍ ശെയ്ഖ് ഫഹീം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, നെതര്‍ലന്‍ഡ്‌സ് രാജകുമാരന്‍ കോണ്‍സ്റ്റാന്റിന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ അതിഥികളായെത്തും. ചര്‍ച്ചകള്‍ക്കായി കടലോര കൂട്ടായ്മകളും രാത്രിപ്രദര്‍ശനങ്ങളും ഉള്‍പ്പെടെ ഇടവേളകളില്ലാതെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഹഡില്‍ കേരള പരിപാടികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ് സമ്മേളനം ഒരുക്കുകയാണ് ലക്ഷ്യം.
പങ്കെടുക്കാന്‍ ഏപ്രില്‍ 3 വരെ ംംം.വൗററഹല.ില.േശി  എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. ഏഷ്യയിലെയും യൂറോപ്പിലെയും ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരും വിപണിനേതൃത്വവുമായിരിക്കും ഹഡില്‍ കേരളയില്‍ പങ്കെടുക്കുന്നതെന്ന് സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. സംരംഭകര്‍ക്കായി മികച്ച ആശയവിനിമയ വേദികളുണ്ടാകും.
വിപണിയിലെ പ്രമുഖര്‍ക്കു മുന്നില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കു ലഭിക്കുന്ന ഏറ്റവും മികച്ച വേദിയാകും ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it