ഹജ്ജ്: 124 പേര്‍ക്ക് കൂടി അവസരം

നെടുമ്പാശ്ശേരി/തിരുവനന്തപുരം:  ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 124 പേര്‍ക്ക് കൂടി അവസരം. കാത്തിരിപ്പ് പട്ടികയില്‍ നിന്ന് 2627 മുതല്‍ 2871 വരെയുള്ളവര്‍ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഒഴിവു വന്ന 548 സീറ്റുകളാണ് അപേക്ഷകള്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി വീതിച്ചു നല്‍കിയത്. കേരളത്തിനു പുറമെ ഗുജറാത്ത് 43, കര്‍ണാടക 99, മധ്യപ്രദേശ് 24, മഹാരാഷ്ട്ര 181, രാജസ്ഥാന്‍ 27, തമിഴ്‌നാട് 17, തെലങ്കാന 23 എന്നിങ്ങനെയാണു മറ്റ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച സീറ്റുകള്‍. കാത്തിരിപ്പു പട്ടികയില്‍ നിന്നും അവസരം ലഭിച്ചവര്‍ ഹജ്ജ് കമ്മിറ്റിയുടെ പേരില്‍ ബാങ്കില്‍ പണം അടച്ചതിന്റെ പേ ഇന്‍ സ്ലിപ്പും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഈ മാസം 28ന് മുമ്പായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ എത്തിക്കണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലുമാണു പണമടയ്ക്കാനുള്ള സൗകര്യമുള്ളത്.
അതേസമയം, സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസ് താല്‍ക്കാലികമായി ഹജ്ജ് ക്യാംപ് പ്രവര്‍ത്തിക്കുന്ന നെടുമ്പാശ്ശേരിയിലെ സിയാല്‍ അക്കാദമിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആഗസ്ത് ഒന്നിനാണ് സംസ്ഥാനത്തു നിന്നുള്ള ആദ്യ ഹജ്ജ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും യാത്രയാവുന്നത്. ഈ മാസം 31 മുതല്‍ ഹജ്ജ് ക്യാംപും പ്രവര്‍ത്തനം ആരംഭിക്കും. നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് വഴിയുള്ള മുഴുവന്‍ തീര്‍ത്ഥാടകരും യാത്രയാവുന്നത് വരെ ഹജ്ജ് കമ്മിറ്റി ഓഫിസ് സിയാല്‍ അക്കാദമിയില്‍ തുടരും. സിയാല്‍ ഡയറക്ടര്‍ എസികെ നായര്‍ സിയാല്‍ അക്കാദമിയില്‍ താല്‍ക്കാലിക ഹജ്ജ് കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഹജ്ജിന് പോവുന്ന ഹാജിമാര്‍ക്കായി കെഎസ്ആര്‍ടിസി പുതിയ സര്‍വീസുകള്‍ ആരംഭിക്കും.  31 മുതല്‍ ആഗസ്ത് 16 വരെയാണു പ്രത്യേക സര്‍വീസുകള്‍. നെടുമ്പാശ്ശേരി സിയാല്‍ അക്കാദമിയില്‍ ഒരുക്കിയിട്ടുള്ള ഹജ്ജ് ക്യാംപിലേക്കാണ് സര്‍വീസുകള്‍ നടത്തുക. ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. കോഴിക്കോട്, മലപ്പുറം ബസ് സ്റ്റാന്റുകളില്‍ നിന്ന് മൂന്ന് വീതം എസി ലോ ഫ്‌ളോര്‍ ബസ്സുകളും തിരുരില്‍ നിന്നും കല്‍പറ്റയില്‍ നിന്നും ഓരോ ബസ് വീതവുമാണ് സര്‍വീസ് ആരംഭിക്കുക. കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും രാവിലെ ആറിനും ഏഴിനും എട്ടിനുമാണ് സര്‍വീസ്. തിരൂരില്‍ നിന്നു രാവിലെ ഏഴിനും കല്‍പറ്റയില്‍ നിന്ന് രാവിലെ ആറിനുമാണ് സര്‍വീസ്.

.
Next Story

RELATED STORIES

Share it