Flash News

ഹജ്ജ് ഹൗസിന് കാവി പെയിന്റടിച്ചു: പിന്നീടത് കാവി മാറ്റി വെള്ളയാക്കി

ഹജ്ജ് ഹൗസിന് കാവി പെയിന്റടിച്ചു: പിന്നീടത് കാവി മാറ്റി വെള്ളയാക്കി
X
ലക്‌നൗ: ഹജ് ഹൗസിന് കാവി പൂശിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി വ്യാപക പ്രതിഷേധത്തിനിടയായതിനെ തുടര്‍ന്ന് വീണ്ടും പഴയ നിറമായ വെള്ളയാക്കി മാറ്റി. ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലെ ഹജ്ജ് ഹൗസിനാണ് കാവി പെയിന്റടിച്ചത്. ഹജ്ജിന് പോകുന്ന തീര്‍ഥാടകര്‍ വിശ്രമത്തിനും താമസത്തിനും ഉപയോഗിക്കുന്ന സ്ഥലം കൂടിയാണ് ഇത്. പച്ചയും വെള്ളയും നിറമായിരുന്നു ഹജ്ജ് ഹൗസിന്റെ പുറം ചുമരുകള്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ അത് മാറ്റി പുറം ചുമരുകള്‍ മുഴുവനും കാവി പെയിന്റടിക്കുകയായിരുന്നു.


കാവി പെയിന്റടിച്ചതിന്റെ ഉത്തരവാദിത്വം കരാറുകാരന്റെ തലയില്‍ കെട്ടിവച്ചാണ് സര്‍ക്കാര്‍ വിവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയത്. സംസ്ഥാനം കാവിവല്‍കരിക്കുന്നതിന്റെ ഭാഗമായാണ് ബിജെപി സര്‍ക്കാര്‍ പുതിയ നടപടികള്‍ സ്വീകരിക്കുന്നതെന്ന് സമാജ്വാദി പാര്‍ട്ടി ആരോപിച്ചിരുന്നു.

ഉത്തര്‍ പ്രദേശ് പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെയും സര്‍ക്കാര്‍ ഓഫിസുകളിലെയും വിവിധ മന്ത്രാലയങ്ങളുടെയും പോസ്റ്ററുകളും ബുക്ക് ലെറ്റുകളും ഇപ്പോള്‍ കാവി നിറത്തിലാണ് അച്ചടിക്കുന്നത്. മുഖ്യമന്ത്രി മീറ്റിങുകള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും ഇരിക്കുന്ന കസേരയിലെ തുണി പോലും കാവിയാണ് ഉപയോഗിക്കുന്നത്.കാവി നിറത്തിലുള്ള വസ്ത്രം മാത്രമേ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉപയോഗിക്കാറുള്ളൂ.  മദ്രസകളിലെ പൊതു അവധി ദിവസങ്ങള്‍ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് ഹജ്ജ് ഹൗസിന് കാവി പെയിന്റടിച്ചിരിക്കുന്നത്.

പെയിന്റിങിന് കരാറെടുത്തയാളോട് വ്യത്യസ്തമായ നിറം ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതായി ഉത്തര്‍പ്രദേശിലെ സംസ്ഥാന ഹജ് കമ്മിറ്റി സെക്രട്ടറി ആര്‍പി സിങ്് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അയാള്‍ കാവി നിറം മാത്രമാണ് തിരഞ്ഞെടുത്തതെന്ന് സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് അധികൃതര്‍ ഹജ്ജ് ഹൗസിന്റെ പുറം മതിലില്‍ പെയിന്റടിച്ചത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി ഭവന്‍ അനെക്‌സിനും സമീപകാലത്തു കാവിയടിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ബിജെപി സര്‍ക്കാര്‍ ഗ്രാമീണമേഖലയില്‍ ആരംഭിച്ച 50 പുതിയ സര്‍ക്കാര്‍ ബസുകള്‍ക്കും കാവിനിറമാണ്.
Next Story

RELATED STORIES

Share it