ഹജ്ജ്: പരിശീലനം കഴിഞ്ഞ വോളന്റിയര്‍മാര്‍ സജ്ജരായി

കരിപ്പൂര്‍: ഹജ്ജ് കമ്മിറ്റി തിരഞ്ഞെടുത്ത ഹജ്ജ് വോളന്റിയര്‍മാര്‍ക്ക് കരിപ്പൂര്‍ ഹജ്ജ്ഹൗസില്‍ രണ്ടു ദിവസമായി പരിശീലനം നല്‍കി. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരായ ഉദേ്യാഗസ്ഥര്‍ക്ക് ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സേവനം ചെയ്യാന്‍ ലഭിച്ച മികച്ച സുവര്‍ണാവസരമാണ് ഹജ്ജ് വോളന്റിയര്‍ സേവനമെന്നും ഹാജിമാരോട് നല്ല രീതിയില്‍ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.
മികച്ച സേവനം ചെയ്യുന്ന ഉദേ്യാഗസ്ഥന്മാര്‍ക്ക് അര്‍ഹമായ അംഗീകാരവും മറിച്ചാണെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മലപ്പുറം ജില്ലാ കലക്ടറും ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫിസറുമായ അമിത് മീണ പറഞ്ഞു. ഡോ. മൊയ്തീന്‍കുട്ടി, പ്രഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. മുഖ്താര്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് ബഷീര്‍, ഹജ്ജ് അസി. സെക്രട്ടറി ടി കെ അബ്ദുര്‍റഹ്മാന്‍, ഹജ്ജ് കോ-ഓര്‍ഡിനേറ്റര്‍ എ പി ഷാജഹാന്‍ സംസാരിച്ചു.
നെടുമ്പാശ്ശേരി സിയാല്‍ അക്കാദമിയില്‍  ഹജ്ജ് ക്യാംപില്‍ വോളന്റിയര്‍മാരായി സേവനം ചെയ്യുന്നതിനായി അപേക്ഷ സമര്‍പ്പിച്ച തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ള അപേക്ഷകര്‍ക്ക് 18ന് രാവിലെ 9ന് ആലുവ പാലസില്‍ വച്ചും കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലുള്ള അപേക്ഷകര്‍ക്ക് 19നു രാവിലെ 8നും കരിപ്പൂര്‍ ഹജ്ജ്ഹൗസില്‍ വച്ചും അഭിമുഖം നടക്കും. മലപ്പുറം ജില്ലയിലെ അപേക്ഷകര്‍ രാവിലെ 9നു ശേഷവും കോഴിക്കോട് ജില്ലയിലുള്ളവര്‍ 11 മണിക്കു ശേഷവും ഹാജരായാല്‍ മതിയെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.

Next Story

RELATED STORIES

Share it