Flash News

ഹജ്ജ് തീര്‍ഥാടനത്തിന് ഇനി വിമാനമില്ല, പകരം കപ്പല്‍!!

ഹജ്ജ് തീര്‍ഥാടനത്തിന് ഇനി വിമാനമില്ല, പകരം കപ്പല്‍!!
X


ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ത്ഥാടനത്തിന് വിമാനത്തിന് പകരം കപ്പല്‍ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 2018 മുതല്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി അത്യാധുനിക നിലവാരമുള്ള കപ്പലുകള്‍ ഉപയോഗിക്കുമെന്ന് ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി 15 അത്യാധുനിക കപ്പലുകള്‍ ഒരുക്കുമെന്ന് 2018ലെ ഹജ്ജ് നയം വിശദീകരിക്കവരെ മന്ത്രി പറഞ്ഞു. എല്ലാ വിധ സൗകര്യങ്ങളുമുള്ള ലോക നിലവാരത്തിലുള്ള കപ്പലുകളായിരിക്കും ഇവ. ഓരോ ട്രിപ്പിലും 5,000ത്തോളം തീര്‍ത്ഥാടകര്‍ക്കു യാത്ര ചെയ്യാന്‍ സാധിക്കും.മുംബൈയില്‍ നിന്നു സൗദി അറേബ്യയിലെ ജിദ്ദയിലേക്കായിരിക്കും കപ്പലുകളുടെ സര്‍വീസ്. മുംബൈയില്‍ നിന്നു മൂന്നോ നാലോ ദിവസം കൊണ്ടു കപ്പല്‍ ജിദ്ദയിലെത്തും.
2022 മുതല്‍ വിമാനമാര്‍ഗം ഹജ്ജിനു പോവുന്നവര്‍ക്കുള്ള സബ്‌സിഡി നിര്‍ത്തലാക്കണമെന്ന് 2012ല്‍ സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ ഹജ്ജ് നയം കേന്ദ്രം തയ്യാറാക്കിയത്.
1995 വരെ കപ്പല്‍ മാര്‍ഗം മുംബൈയില്‍ നിന്നു ജിദ്ദയിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടന്നിരുന്നു. എംവി അക്ബരി എന്ന കപ്പലിലായിരുന്നു അന്നു യാത്ര. എന്നാല്‍ ഈ കപ്പല്‍ പിന്നീട് പഴക്കം ചെന്നതോടെ കടല്‍ വഴിയുള്ള യാത്ര അവസാനിക്കുകയായിരുന്നു.പഴയ കാലത്ത് മുംബൈയില്‍ നിന്നു കപ്പല്‍ മാര്‍ഗം ജിദ്ദയിലെത്താന്‍ തീര്‍ത്ഥാടകര്‍ക്കു 10 മുതല്‍ 15 ദിവസം വരെ വേണ്ടിവന്നിരുന്നതായി മന്ത്രി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഇതു മൂന്നു മുതല്‍ നാലു ദിവസം വരെയായി കുറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കടല്‍ മാര്‍ഗമുള്ള ഹജ്ജ് തീര്‍ഥാടനത്തെക്കുറിച്ച് ഉന്നതതല സമിതി വിശദമായി പഠിച്ചതായി നഖ്‌വി പറഞ്ഞു. കപ്പല്‍ മന്ത്രാലയം പുതിയ പദ്ധതിക്ക് അംഗീകാരം നല്‍കിക്കഴിഞ്ഞു. സൗദി അറേബ്യ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിവിധ മുസ്‌ലീം സംഘടനകളുമായും കടല്‍ മാര്‍ഗമുള്ള ഹജ്ജിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കപ്പല്‍ മാര്‍ഗമുള്ള യാത്ര തീര്‍ഥാടകരുടെ ചെലവും കുറയ്ക്കും. വിമാനമാര്‍ഗമുള്ള യാത്രക്ക് രണ്ടു ലക്ഷം രൂപ വരെ ചെലവാകുമ്പോള്‍ കപ്പല്‍ മാര്‍ഗമാണെങ്കില്‍ അത് വെറും 60,000 രൂപ മാത്രമേ ആവുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
ഈ വര്‍ഷമാദ്യം സൗദി അറേബ്യ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 1.36 ലക്ഷത്തില്‍ നിന്നു 1.70 ലക്ഷമാക്കി വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 1.35 ലക്ഷം പേര്‍ ഹജ്ജ് തീര്‍ഥാടനം നടത്തിയെന്നാണ് കണക്ക്. ഈ വര്‍ഷം 1,70, 025 തീര്‍ഥാടകരാണ് ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ഇന്ത്യയില്‍ നിന്നു പോവുന്നത്.
Next Story

RELATED STORIES

Share it