Flash News

കേരളത്തില്‍ ഹജ്ജ് യാത്ര റദ്ദാക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

കേരളത്തില്‍ ഹജ്ജ്  യാത്ര റദ്ദാക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു
X
കരിപ്പൂര്‍: ഹജ്ജ് കര്‍മത്തിന് ചെലവേറിയത് മൂലം ഈ വര്‍ഷം യാത്ര റദ്ദാക്കുന്നവരുടെ എണ്ണം കൂടുന്നു. സാമ്പത്തിക ചെലവ് വര്‍ധിച്ചതും ഹജ്ജിനുള്ള നിയന്ത്രണങ്ങളുമാണ് യാത്ര റദ്ദാക്കാന്‍ മിക്കവരേയും പ്രേരിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് 1361 പേര്‍ ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളില്‍ നിന്നായി അവസരം കൈവന്ന 7168 പേര്‍ ഇതിനകം യാത്ര റദ്ദാക്കി.
ഉത്തര്‍പ്രദേശിലും കേരളത്തിലുമാണ് കൂടുതല്‍ പേര്‍ യാത്ര റദ്ദാക്കിയത്. ഇവരില്‍ ഒന്നാംഘഡു പണം അടച്ചവരും ഉള്‍പ്പെടും. ഉത്തര്‍പ്രദേശില്‍ നിന്ന് 1605 പേരാണ് യാത്ര റദ്ദാക്കിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയാളുകളാണ് ഈ വര്‍ഷം ആദ്യഘട്ടത്തില്‍ തന്നെ യാത്ര റദ്ദാക്കിയത്. റദ്ദാക്കിയ സീറ്റുകള്‍ അതത് സംസ്ഥാനങ്ങളിലെ ഹജ്ജ് വെയിറ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് തന്നെ കേന്ദ്ര ഹജ്ജ് കമ്മിറ്റി വീതിച്ചു നല്‍കി.



ഈ വര്‍ഷത്തെ ഹജ്ജിന് അസരം ലഭിച്ചവര്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷത്തില്‍ ഉംറ, തീര്‍ത്ഥാടനം നടത്തിയിട്ടുണ്ടെങ്കില്‍ രണ്ടായിരം സൗദി റിയാല്‍ (ഏകദേശം 36,000 രൂപ)അധികം നല്‍കണമെന്നാണ് നിബന്ധന. ഇത് തീര്‍ത്ഥാടകരറിയുന്നത് ഹജ്ജിന്റെ പരിശീലന ക്ലാസിലാണ്.
നിലവില്‍ നല്‍കേണ്ട നിരക്കിനേക്കാള്‍ അധികം തുക നല്‍കേണ്ടിവരുന്നത് തീര്‍ത്ഥാടകര്‍ക്ക് തിരിച്ചടിയായി. ഉംറ തീര്‍ത്ഥാടനത്തിന് ഉയര്‍ന്ന നിരക്കില്ലാത്തതിനാല്‍ ഹജ്ജിന് അവസരം ലഭിച്ചവരില്‍ ഭൂരിഭാഗം പേരും നേരത്തെ തന്നെ ഉംറ നിര്‍വഹിച്ചവരാണ്. നിയമം ഈ വര്‍ഷം മുതലാണ് നടപ്പാക്കുന്നത്. ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതോടെ ആനുകൂല്യവും നഷ്ടമാവും. 10,000 രൂപവരെ സബ്‌സിഡി ലഭിച്ചത് ഈ വര്‍ഷം മുതല്‍ മുഴുവന്‍ തുകയും നല്‍കേണ്ടിവരും. മക്കയിലും മദീനയിലുമടക്കമുള്ള കെട്ടിടങ്ങളുടെ വാടക നിരക്ക് ഉയര്‍ന്നതും ഹജ്ജിന്റെ ചെലവ് വര്‍ധിപ്പിക്കുന്നുണ്ട്.
രണ്ടാംഗഡു പണം നിശ്ചയിക്കുന്നതോടെയാണ് ഈവര്‍ഷത്തെ ഹജ്ജിന്റെ ചെലവ് ക്രത്യമായി അറിയാനാവുക. പ്രവാസികളുടെ പാസ്‌പോര്‍ട്ട് സമര്‍പ്പണം നേരത്തെയാക്കിയതും യാത്ര റദ്ദാക്കാന്‍ കാരണമായിട്ടുണ്ട്. ഏപ്രില്‍ 30നകം പ്രവാസികള്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിബന്ധന. എന്നാല്‍, അഞ്ചു മാസത്തെ അവധി തൊഴില്‍ സ്ഥലങ്ങളില്‍ നിന്ന് ലഭ്യമാവാത്തതിനാല്‍ പലരും യാത്ര ഉപേക്ഷിക്കുകയാണ്.
Next Story

RELATED STORIES

Share it