ഹജ്ജ് ക്യാംപിന്റെ ഉദ്ഘാടനം ഇന്ന്; ആദ്യ വിമാനം നാളെ പുലര്‍ച്ചെ

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഹജ്ജ് ക്യാംപിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു വൈകുന്നേരം അഞ്ചിന് നിര്‍വഹിക്കും. ഹാജിമാരെയും വഹിച്ചുള്ള ആദ്യവിമാനം നാളെ പുലര്‍ച്ചെ ഒരു മണിക്ക് പുറപ്പെടുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി വ്യക്തമാക്കി.
ഉദ്ഘാടന സമ്മേളനം ഇന്ന് 4.30ഓടെ തുടങ്ങും. ഹജ്ജ് ക്യാംപിന്റെ എല്ലാ ഒരുക്കങ്ങളും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ ഇന്നലെ രാവിലെ മുതല്‍ തന്നെ ക്യാംപിലേക്കുള്ള വരവ് ആരംഭിച്ചിട്ടുണ്ട്. ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം 12,145 പേരാണ് പോവുന്നത്. കേരളത്തില്‍നിന്നുള്ള 11,722 പേരും ലക്ഷദ്വീപില്‍ നിന്നുള്ള 276 പേരും മാഹിയില്‍ നിന്നുള്ള 47 പേരുമാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് യാത്ര തിരിക്കുന്നത്. ഇതിനു പുറമെ വെയ്റ്റിങ് ലിസ്റ്റില്‍ നിന്ന് ഏതാനും പേര്‍ക്കു കൂടി അനുമതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്. സൗദി എയര്‍ലൈന്‍സാണ് സര്‍വീസ് നടത്തുന്നത്. നാളെ മുതല്‍ ആഗസ്ത് 15 വരെയുള്ള ദിവസങ്ങളിലായി 410 പേര്‍ വീതം കയറുന്ന 29 സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ക്യാംപിലേക്ക് തീര്‍ത്ഥാടകരുമായി വരുന്ന വാഹനങ്ങള്‍ രാജ്യാന്തര വിമാനത്താവളത്തിലെ ടി ത്രി ടെര്‍മിനലിന്റെ പുറപ്പെടല്‍ ഭാഗത്താണ് എത്തിച്ചേരേണ്ടത്. 50 വോളന്റിയര്‍മാരെയാണ് വിമാനത്താവളത്തില്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവിടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഹജ്ജ് കമ്മിറ്റിയുടെ പ്രത്യേക വാഹനത്തില്‍ തീര്‍ത്ഥാടകരെ ക്യാംപിലെത്തിക്കും. ഹാജിമാരും ബാഡ്ജ് ധരിച്ച വോളന്റിയര്‍മാരും ഒഴികെയുള്ളവര്‍ രാത്രി ഒമ്പതു മണിക്കുശേഷം ക്യാംപ് വിട്ട് പുറത്തുപോവണമെന്നും ചെയര്‍മാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it